ഹരിപ്പാട് : പള്ളിപ്പാട് ഗ്രാമപ്പഞ്ചായത്തിലെ പത്ത്, 11 വാർഡുകൾ കണ്ടെയ്‌ൻമെന്റ് സോണാക്കിയതിനാൽ ഈ പ്രദേശങ്ങളിലേക്കുള്ള ഒൻപത് റോഡുകൾ അടച്ചു. പത്താംവാർഡിൽ ഒരു കുടുംബത്തിലെ ഏഴുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണിത്.

ഹരിപ്പാട് ആർ.കെ. ജങ്ഷനിൽ മത്സ്യവിൽപ്പന നടത്തിവന്ന 77 വയസ്സുള്ള ആളിന്റെ കുടുംബാംഗങ്ങളാണിത്. ആശാപ്രവർത്തകർ പ്രദേശത്ത് സർവേനടത്തി ഇവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കിവരുന്നു. ഇതിൽ ഉൾപ്പെടുന്നവരെയെല്ലാം അടുത്തദിവസങ്ങളിൽ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.

കോവിഡ് സ്ഥിരീകരിച്ച കുട്ടികൾ ഉൾപ്പെടെയുള്ള ആറുപേരെ ആശുപത്രിയിലേക്ക് മാറ്റാൻ വൈകിയത് ആശയക്കുഴപ്പമുണ്ടാക്കി. വെള്ളിയാഴ്ച രാത്രിയാണ് ഇവരുടെ പരിശോധനാഫലം കിട്ടിയത്. ശനിയാഴ്ച വൈകുന്നേരമായിട്ടും ഇവരെ ആശുപത്രിയിലേക്ക്‌ മാറ്റിയില്ല. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കളക്ടറുമായി ഫോണിൽ സംസാരിച്ചതിനെ തുടർന്ന് അഞ്ചരയോടെ ആലപ്പുഴയിൽനിന്ന്‌ എത്തിച്ച ആംബുലൻസിൽ എല്ലാവരെയും വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

പോലീസും ഗ്രാമപ്പഞ്ചായത്ത് അധികൃതരും ശനിയാഴ്ച രാവിലെ രംഗത്തിറങ്ങിയിരുന്നു. ഒൻപത് റോഡുകൾ അടച്ചതിനുപുറമേ നടുവട്ടം, അകവൂർമഠം ജങ്ഷൻ എന്നിവിടങ്ങളിൽ പോലീസ് പിക്കറ്റും ഏർപ്പെടുത്തി.