ഹരിപ്പാട് : പള്ളിപ്പാട് ഗ്രാമപ്പഞ്ചായത്തിലെ 10-ാം വാർഡിനൊപ്പം 11-ാം വാർഡും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കാനുള്ള നടപടി തുടങ്ങി. 10-ാം വാർഡിൽ കോവിഡ് സ്ഥിരീകരിച്ച ആളുടെ വീട്ടിൽ മറ്റ് ആറുപേർക്കുകൂടി കോവിഡ് സംശയിക്കുന്ന സാഹചര്യത്തിലാണിത്.

ഹരിപ്പാട് ഗവ. ആശുപത്രിയിൽ നടത്തിയ ആന്റിജൻ പരിശോധനിയിലാണ് ്കുടുംബാംഗങ്ങൾക്കും രോഗബാധയുണ്ടായതായി സൂചന ലഭിച്ചിരിക്കുന്നത്‌. ഇവരുടെ സ്രവപരിശോധനയുടെ ഫലം അടുത്തദിവസം ലഭിക്കും.

ദേശീയപാതയിലെ ആർ.കെ.ജങ്ഷന് കിഴക്ക് റോഡരികിൽ മത്സ്യവിൽപ്പന നടത്തിവന്ന 77 വയസ്സുള്ളയാളിനും മരുമകൾക്കുമാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്നാണ് കുടുംബാംഗങ്ങളെ പരിശോധിച്ചത്. ഇവരിൽ രണ്ടുവയസ്സുള്ള കുട്ടിയൊഴികെയുള്ളവർക്കെല്ലാം രോഗബാധയുണ്ടായതായാണ് വിവരം ലഭിച്ചിരിക്കുന്നത്. ഇവർക്ക് വീട്ടിൽ പലചരക്ക് കടയുണ്ട്.

ഈ കടയിൽനിന്ന്‌ സാധനങ്ങൾ വാങ്ങിയവർക്കെല്ലാം ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം നൽകിയിരിക്കുയാണ്. പള്ളിപ്പാട്ടെ 10, 11 വാർഡുകളിലാണ് ഇവരുടെ സമ്പർക്കപ്പട്ടികയിലുള്ളവർ താമസിക്കുന്നത്. ഇവരെയെല്ലാം കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

പോലീസ് ഉദ്യോഗസ്ഥന്റെ ബന്ധുക്കൾക്ക് കോവിഡില്ല

ഹരിപ്പാട് : കോവിഡ് സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബാംഗങ്ങളുടെയും സമ്പർക്കപട്ടികയിലുള്ളവരുടെയും പരിശോധനാ ഫലം നെഗറ്റീവ്. തലത്തോട്ട സ്വദേശിയും തിരുവനന്തപുരത്ത് ജോലിചെയ്തിരുന്ന ആളുമായ പോലീസ് ഉദ്യോഗസ്ഥന്റെ അച്ഛൻ, അമ്മ, ഭാര്യ എന്നിവരുടെയും ഇദ്ദേഹത്തിന്റെ സമ്പർക്കപട്ടികയിലുണ്ടായിരുന്ന രണ്ട് വർക്ക് ഷോപ്പ് ജീവനക്കാരുടെയും പരിശോധനാഫലമാണ് നെഗറ്റീവായത്.

ഉദ്യോഗസ്ഥൻ പച്ചക്കറി വാങ്ങാനെത്തിയ രണ്ട് കടകളിലെ ജീവനക്കാരുടെയും മറ്റു മൂന്ന്‌ ബന്ധുക്കളുടെയും പരിശോധനയുടെ ഫലം വരാനുണ്ട്. ഹരിപ്പാട് നഗരസഭാ പരിധിയിലാണ് കോവിഡ് സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥൻ താമസിക്കുന്നത്. അടുത്ത സമ്പർക്കത്തിലുള്ളവരുടെ പരിശോധനാഫലം നെഗറ്റീവായതോടെ നഗരത്തിലെ കോവിഡ് ഭീഷണി കുറഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു.