ഹരിപ്പാട് : ഹരിപ്പാട് നഗരസഭയിലും കാർത്തികപ്പള്ളി, കുമാരപുരം, ചെറുതന, കരുവാറ്റ, വീയപുരം ഗ്രാമപ്പഞ്ചായത്തുകളിലും കോവിഡ് ബാധിതരുടെ എണ്ണം കൂടിയതോടെ ഹരിപ്പാട് മേഖലയിൽ ആശങ്കയേറി.

ആർ.കെ. ജങ്ഷന് കിഴക്ക് റോഡരികിൽ മീൻവിൽപ്പന നടത്തിവന്ന 77 വയസ്സുകാരനും മരുമകൾക്കും കോവിഡ് ലക്ഷണങ്ങൾ പ്രകടമായതും അധികൃതർക്ക് തലവേദനയായി. ചുമയും പനിയുമായി എത്തിയ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്രവപരിശോധനയുടെ ഫലം കിട്ടിയിട്ടില്ല. അടുത്തദിവസങ്ങളിൽ കച്ചവടമില്ലായിരുന്നു. ഒരാഴ്ച മുൻപുവരെ എല്ലാദിവസവും ഇയാൾ വഴിയോരത്ത് കച്ചവടം നടത്തിയിരുന്നു. രാവിലെ എട്ടുമുതൽ 12 വരെയാണ് ഇദ്ദേഹം റോഡരികിൽ മീൻവിൽപ്പന നടത്തിവന്നത്. റോഡരികിലെ കച്ചവടമായതിനാൽ സമ്പർക്കപ്പട്ടിക കണ്ടെത്തുന്നത് ശ്രമകരമാണെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന സൂചന.

പള്ളിപ്പാട്ട് രോഗം ബാധിച്ചവരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. പള്ളിപ്പാട് ഗ്രാമപ്പഞ്ചായത്ത് പത്താംവാർഡിലെ താമസക്കാരാണിവർ. വീട്ടിൽ ഏഴോളം അംഗങ്ങളുണ്ട്. ഇവരുടെ വീട്ടിൽ പലചരക്ക് സാധനങ്ങൾ വിൽക്കുന്ന കടയുണ്ട്. പ്രദേശത്തെ ഇരുപതിലധികം കുടുംബങ്ങൾ ഈ കടയിൽനിന്ന്‌ സാധനങ്ങൾ വാങ്ങിയിട്ടുണ്ട്.

തിരുവനന്തപുരത്ത് ജോലിചെയ്തിരുന്ന തലത്തോട്ട സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹവുമയായി നേരിട്ട് സമ്പർക്കമുണ്ടായിരുന്ന പത്തോളം പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.