ഹരിപ്പാട് : നഗരമധ്യത്തിലെ ഗാന്ധി സ്ക്വയറിന്റെ നിർമാണം പുനരാരംഭിച്ചു. മൂന്നുവർഷം മുൻപ് പണി തുടങ്ങിയതാണെങ്കിലും പല പ്രാവശ്യമായി മാസങ്ങളോളം മുടങ്ങിക്കിടന്നു. ഒടുവിൽ കഴിഞ്ഞദിവസം മേൽക്കൂരയുടെ പണിതുടങ്ങി. ഓണത്തിന് മുൻപ് ബാക്കിജോലികൂടി പൂർത്തിയാക്കാനാണ് ശ്രമം. മേൽക്കൂര പൂർത്തിയാക്കുന്നതിനുപിന്നാലെ സ്റ്റേജും ചുറ്റുമതിലും ഒരുക്കും. ഇതോടെ, ഇവിടെ പൊതുയോഗങ്ങൾ നടത്താൻ കഴിയും.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആസ്തിവികസന ഫണ്ടിൽനിന്ന്‌ 50 ലക്ഷം രൂപ വിനിയോഗിച്ച് മൂന്നുവർഷം മുൻപാണ് ഗാന്ധി സ്ക്വയർ നിർമാണം തുടങ്ങിയത്. നഗരമധ്യത്തിൽ പൊതുസമ്മേളനങ്ങൾ നടത്താനുള്ള സൗകര്യമൊരുക്കുന്നതിനൊപ്പം കുട്ടികൾക്കുള്ള പാർക്ക്, വാഹന പാർക്കിങ് തുടങ്ങിയവയാണ് ലക്ഷ്യമിട്ടത്. നഗരം ചുറ്റിയൊഴുകുന്ന പിള്ളതോട്ടിൽ ഏറ്റവുമധികം മാലിന്യം തള്ളുന്നത് ഈ ഭാഗത്തായിരുന്നു. ഇത് പൂർണമായും ഒഴിവാക്കാൻകൂടിയാണ് പദ്ധതിയിട്ടത്.

സംസ്ഥാന ഭവനനിർമാണ ബോർഡാണ് പണി ഏറ്റെടുത്തത്. ആദ്യഘട്ടത്തിൽ ജോലി തടസ്സമില്ലാതെ നടന്നെങ്കിലും പകുതിയായപ്പോഴേക്കും നിലച്ചുപോയി.

ഇതോടെ, വഴിയോരക്കച്ചവടക്കാർ ഗാന്ധി സ്ക്വയറിന്റെ ഒരുഭാഗം കൈയേറി. ഇപ്പോഴും കിഴക്കുഭാഗത്തേക്കുള്ള വഴി തടസ്സപ്പെടുത്തി കച്ചവടക്കാർ രംഗത്തുണ്ട്.

ലക്ഷ്യമിട്ടത് പാർക്ക്; നടപ്പിലായത് മാലിന്യസംസ്കരണ പദ്ധതി

:പിള്ളത്തോട് കുഴൽമാർഗം ഒഴുക്കുന്നതിലൂടെ ലഭ്യമാകുന്ന സ്ഥലത്തിന്റെ ഒരുഭാഗം കുട്ടികളുടെ പാർക്കായി മാറ്റുമെന്നായിരുന്നു പ്രഖ്യാപനം. നഗരത്തിൽ പാർക്കുകളൊന്നുമില്ല. ഈ സാഹചര്യത്തിൽ ആശുപത്രി ജങ്ഷനിൽ ചെറിയ പാർക്കെങ്കിലും ഒരുക്കാനാണ് നീക്കം നടന്നത്. എന്നാൽ, നഗരപരിധിയിൽ തുമ്പൂർമുഴി മാതൃകയിലെ മാലിന്യസംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കാൻ കണ്ടെത്തിയ പ്രധാന കേന്ദ്രങ്ങളിലൊന്ന് ഇവിടെയായിരുന്നു. ഈ പ്ലാന്റ് വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ഇതിനുസമീപം കുട്ടികൾക്കായി പാർക്ക് തുറക്കാൻ ഗാന്ധി സ്ക്വയറിനായി കണ്ടെത്തിയ സ്ഥലം കൈയേറിയിരിക്കുന്ന വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ നഗരസഭ ശ്രമം തുടങ്ങിയിട്ടുണ്ട്.

ഗാന്ധിപ്രതിമ സ്ഥാപിക്കും

:ഗാന്ധി സ്ക്വയറിന്റെ ചുമതല നഗരസഭയ്ക്കാണ്. പൊതുയോഗങ്ങൾ നടത്തുന്നവരിൽനിന്ന്‌ നിശ്ചിത ഫീസ് ഈടാക്കി ശുചീകരണവും സംരക്ഷണവും നഗരസഭ നടത്തണം.

ഇതിനുമുന്നിൽ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കും. ഇപ്പോൾ നടത്തുന്ന നിർമാണപദ്ധതിയിൽ ഗാന്ധിപ്രതിമ ഉൾപ്പെടുത്തിയിട്ടില്ല. ഇതിനായി പുതിയ പദ്ധതി നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ് പറഞ്ഞു.