ഹരിപ്പാട് : കാർത്തികപ്പള്ളി ഷാലോം ക്ലിനിക്ക് ഉടമ ഡോ. വെസ്‌ലി ജോണിനെതിരേ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങളിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) ശാഖ പ്രതിഷേധിച്ചു. സാധാരണ പനിയുടെ ലക്ഷണങ്ങളുമായി ക്ലിനിക്കിൽ ചികിത്സതേടിയ ആളിന് പിന്നീട് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് വ്യാജ പ്രചാരണങ്ങൾ തുടങ്ങിയത്. ആരോഗ്യവകുപ്പിന്റെ നിർദേശമനുസരിച്ച് സ്ഥാപനം താത്കാലികമായി അടയ്ക്കുകയും അണുനശീകരണം നടത്തുകയുമുണ്ടായി.

ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ സ്വയം ക്വാറന്റീനിൽ പോയി. ഡോ. വെസ്‌ലി ജോൺ, ഡോ. ജാസ്മി എന്നിവരുടെയും മറ്റ് മൂന്ന് ജീവനക്കാരുടെയും കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്. എന്നാൽ, ഡോക്ടറും ജീവനക്കാരും കോവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നാണ് ചിലർ പ്രചാരണം നടത്തുന്നത്. ഇതുസംബന്ധിച്ച് പോലീസിലും സൈബർസെല്ലിലും പരാതി നൽകിയതായി സെക്രട്ടറി ഡോ. ദിലീപ് ദാസ് അറിയിച്ചു.