ഹരിപ്പാട് : ഏഴുവർഷമായി തളർന്നുകിടപ്പിലായിട്ടും പ്ലസ്ടുവിന് ഉന്നതവിജയം നേടിയ രാംജിത്തിന് വീടും വീൽച്ചെയറും കിട്ടും. പത്താംക്ലാസ് പരീക്ഷയ്ക്ക് പിന്നാലെ അപകടത്തിൽപ്പെട്ട് അരയ്ക്കുതാഴോട്ട്‌ തളർന്നുപോയ കരുവാറ്റ മാലിയിൽ കിഴക്കതിൽ രാംജിത്ത് കട്ടിലിൽ കിടന്നുതന്നെയാണ് പ്ലസ് ടു പഠിച്ചത്. നല്ല മാർക്കോടെയായിരുന്നു വിജയം.

രാംജിത്തിന്റെ ജീവിതസാഹചര്യത്തെയും വിജയത്തെപ്പറ്റിയും തിങ്കളാഴ്ച മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചു. ഇതേത്തുടർന്ന് സി.പി.എം. കരുവാറ്റ വടക്ക് ലോക്കൽ കമ്മിറ്റിയാണ് ഈ മിടുക്കന് വീട് നിർമിച്ചുനൽകാൻ തീരുമാനിച്ചത്. ഒരു ലക്ഷം രൂപയിലധികം വിലവരുന്ന ഇലക്‌ട്രോണിക്‌സ് വീൽച്ചെയർ നൽകാമെന്ന് ഡി.വൈ.എഫ്.ഐ. പ്രവർത്തകരാണ് രാംജിത്തിനെ അറിയിച്ചിരിക്കുന്നത്.

2013-ലായിരുന്നു അപകടം. അടുത്തവീട്ടിലെ പുളിമരത്തിൽ പുളിപറിക്കാൻ കയറിയതാണ്. വീഴ്ചയെത്തുടർന്ന് അരയ്ക്കുതാഴോട്ട്‌ തളർന്നുപോയി. കൈവിരലുകളുടെ സ്വാധീനവും കുറഞ്ഞു. ഏറെ ചികിത്സകൾക്കുശേഷമാണ് കിടക്കയിൽ ഏഴുന്നേറ്റിരിക്കാൻ കഴിഞ്ഞത്. അലൂമിനിയം ഷീറ്റുകൊണ്ടുണ്ടാക്കിയ ഷെഡ്ഡിലാണ് രാംജിത്തും അച്ഛനും അമ്മയും സഹോദരനും ഉൾപ്പെടുന്ന കുടുംബം താമസിക്കുന്നത്.

രാംജിത്തിനെയും കുടുംബത്തെയും സഹായിക്കാൻ സി.പി.എം. കരുവാറ്റ വടക്ക് ലോക്കൽ കമ്മിറ്റി യോഗമാണ് തീരുമാനിച്ചത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സത്യപാലൻ, എസ്.സുരേഷ്, അഡ്വ. എം.എം. അനസ് അലി, ആർ. മനോജ്, പി.ടി. മധു എന്നിവർ പങ്കെടുത്തു. ഇലക്‌ട്രോണിക് വീൽച്ചെയർ വാങ്ങുന്നതിനുള്ള ശ്രമം തുടങ്ങിയതായി ഡി.വൈ.എഫ്.ഐ. സംസ്ഥാന സമിതി അംഗം എം.എം. അനസ് അലി, ബ്ലോക്ക് സെക്രട്ടറി സിനുകുമാർ, മേഖലാസെക്രട്ടറി ശ്രീജു ചന്ദ്രൻ എന്നിവർ അറിയിച്ചു.