ഹരിപ്പാട് : കാർത്തികപ്പള്ളി താലൂക്കിൽ 450 പേർക്കുകൂടി കോവിഡ് ചികിത്സ നൽകുന്നതിനുള്ള സൗകര്യം റവന്യൂവകുപ്പ് ഏർപ്പെടുത്തുന്നു.

ഇതോടെ താലൂക്കിൽ സർക്കാർ ആശുപത്രികൾക്കുപുറത്ത് 700 പേർക്ക് ചികിത്സയ്ക്കുള്ള സൗകര്യമാകും. കളക്ടർ എ.അലക്‌സാണ്ടറുടെ നേതൃത്വത്തിലെ റവന്യൂസംഘം ഏറ്റെടുക്കുന്ന സ്ഥാപനങ്ങൾ സന്ദർശിച്ചു.

ഹരിപ്പാട്ടെ ശബരി കൺവെൻഷൻ സെന്റർ, എസ്.ആൻഡ്‌.എസ്. ഓഡിറ്റോറിയം എന്നിവയും ഒരു സ്‌കൂളുമാണ് ഏറ്റെടുക്കുന്നത്.

ഇവിടങ്ങളിൽ നൂറുപേർക്കുവീതം ചികിത്സ നൽകാം. നേരത്തെ നഗരമധ്യത്തിലെ മാധവാ ആശുപത്രി റവന്യൂവകുപ്പ് ഏറ്റെടുത്തിരുന്നു. 150 കിടക്കകളാണ് മാധവാ ആശുപത്രിയിൽ സജ്ജമാക്കുന്നത്. നിലവിൽ കരീലക്കുളങ്ങരയിലെ എൽമെക്‌സ് ആശുപത്രിയിൽ മാത്രമാണ് സർക്കാർ ആശുപത്രികൾക്കുപുറത്ത് കോവിഡ് ബാധിതരെ പ്രവേശിപ്പിച്ചിരിക്കുന്നത്. 250 രോഗികൾക്കുള്ള സൗകര്യമുണ്ട്.

കെട്ടിടങ്ങളുടെ താഴത്തെ നിലയിൽ മാത്രം രോഗികളെ പ്രവേശിപ്പിക്കത്തക്കവിധത്തിലെ ക്രമീകരണമാണ് ഇപ്പോഴുള്ളത്. ആവശ്യത്തിന് ശൗചാലയങ്ങളും വേണം.

റവന്യൂവകുപ്പ് ഏറ്റെടുക്കുന്ന കെട്ടിടങ്ങൾ ആരോഗ്യവകുപ്പിന് കൈമാറും. തുടർന്ന് പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലാണ് കട്ടിലും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തുക. പരിപാലന ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ്.

ഹരിപ്പാട് നഗരസഭയുടെ കമ്യൂണിറ്റി കിച്ചൺ എസ്.ആൻഡ്‌.എസ്. ഓഡിറ്റോറിയത്തിലാണ് നിലവിലുള്ളത്. ഇത് തെക്കേനടയിലെ റോള ഓഡിറ്റോറിയത്തിലേക്ക് മാറ്റും.