ഹരിപ്പാട് : രാംജിത്തിന്റെ ജീവിതം ഏഴുവർഷമായി കിടക്കയിലാണ്. അരയ്ക്കുതാഴെ പൂർണമായും തളർന്നുള്ള ആ കിടപ്പിൽക്കിടന്ന് അവൻ പാഠങ്ങൾ പഠിച്ചു. പരീക്ഷയ്ക്കിരുന്നത് വീൽച്ചെയറിൽ. ഫലംവന്നപ്പോൾ നല്ലമാർക്കോടെ പ്ലസ് ടു ജയിച്ചു. തുടർന്നുപഠിക്കാൻ വലിയ ആഗ്രഹമുണ്ട്. പക്ഷേ, ഇനി എങ്ങനെയെന്ന ചോദ്യത്തിനുമുന്നിൽ തളർന്നിരിക്കുകയാണ് ഇരുപത്തിമൂന്നുകാരനായ കരുവാറ്റ മാലിയിൽ കിഴക്കതിൽ രാംജിത്ത്.

പത്താംക്ലാസ്സ് പരീക്ഷകഴിഞ്ഞുള്ള അവധിക്കാലത്ത് 2013 മേയ് 19-ന് മരത്തിൽനിന്ന്‌ വീണതാണ്. കഴുത്തിനുതാഴെ സുഷ്മനാ നാഡിക്ക് ഗുരുതരപരിക്കേറ്റു. വീഴ്ചയിൽത്തന്നെ അരയ്ക്കുതാഴോട്ട് തളർന്നുപോയി. പല ആശുപത്രികളിലായി മാസങ്ങൾനീണ്ട ചികിത്സ. പിന്നീട് ഫിസിയോതെറാപ്പി. ഒടുവിൽ കിടക്കയിൽ എഴുന്നേറ്റിരിക്കാമെന്നായി. അപ്പോഴേക്കും ഇരുകാലുകളും ശോഷിച്ച നിലയിലുമായി.

രണ്ടുവിഷയങ്ങൾക്ക് എ പ്ലസ് നേടിയായിരുന്നു പത്താംക്ലാസ് ജയിച്ചത്. കൂട്ടുകാർ പ്ലസ് ടു ക്ലാസിൽ പോയപ്പോൾ രാംജിത്ത് ആശുപത്രികൾ മാറിക്കയറി ചികിത്സയിലായിരുന്നു.

രണ്ടുവർഷംമുൻപ് കരുവാറ്റ എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ്‌വണ്ണിന് ചേർന്നു. പഠനം പൂർണമായും വീട്ടിലിരുന്നായിരുന്നു. അധ്യാപകരും കൂട്ടുകാരും സഹായിച്ചു. പേനപിടിക്കാൻ വിരലുകൾ വഴങ്ങാൻ ബുദ്ധിമുട്ടാണ്. അതിനാൽ സ്‌ക്രൈബിന്റെ സഹായത്തോടെയാണ് പരീക്ഷ എഴുതിയത്.

അച്ഛൻ രാമൻകുട്ടി ഇ.ഡി. പോസ്റ്റുമാനായി വിരമിച്ചയാളാണ്. വർഷങ്ങളായി വാടകവീടുകൾ മാറിമാറിയാണ് ഇവരുടെ താമസം. ഒരുവർഷം മുൻപ് അലൂമിനിയം ഷീറ്റുകൊണ്ടുള്ള ഒറ്റമുറി വീടുണ്ടാക്കി. രാംജിത്തും അമ്മയും അച്ഛനും സഹോദരനും ഉൾപ്പെടുന്ന കുടുംബം ഇതിലാണ് താമസിക്കുന്നത്.

രാംജിത്തിന്റെ ചികിത്സയ്ക്ക് ഇതിനോടകം ലക്ഷങ്ങൾ ചെലവായി. പലവിധ മരന്നുകളുടെ ബലത്തിലാണ് ഇപ്പോഴും ജീവിക്കുന്നത്. വലിയ സാമ്പത്തിക ബാധ്യതയുണ്ടെങ്കിലും തുടർന്നുപഠിക്കാനുള്ള ആഗ്രഹം രാംജിത്ത് പങ്കുവയ്ക്കാറുണ്ട്. പക്ഷേ, യാത്രചെയ്യാനുള്ള ബുദ്ധിമുട്ടും കുടുംബത്തിന്റെ ബാധ്യതകളും ഈ മിടുക്കനെ പിന്നോട്ടുവലിക്കുകയാണ്.