ഹരിപ്പാട് : നിയോജകമണ്ഡലത്തിലെ കോവിഡ് പരിശോധന വർധിപ്പിക്കണമെന്നും ഫലം വൈകുന്നത് ഒഴിവാക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നിയോജകമണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങളുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് പത്രസമ്മേളനത്തിൽ അദ്ദേഹം ഈ ആവശ്യമുന്നയിച്ചത്. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ ഗ്രാമപ്പഞ്ചായത്തുകൾ പൂർണമായും അടച്ചിരിക്കുകയാണ്. സമീപ പഞ്ചായത്തുകളിലും ഭീഷണിയുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾ ആരോഗ്യപ്രവർത്തകരോടും പോലീസിനോടും സഹകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കോവിഡ് സ്ഥിരീകരിക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് ആംബുലൻസ് അനുവദിക്കുന്നത് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടാണ്. ഇത് പലപ്പോഴും കാലതാമസത്തിന് ഇടയാക്കുന്നു.

താലൂക്ക് ആശുപത്രികൾക്ക് ഈ ചുമതല കൈമാറിയാൽ നടപടിക്രമങ്ങൾ വേഗത്തിലാക്കാം. തൃക്കുന്നപ്പുഴ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലുണ്ടായിരുന്ന 108 ആംബുലൻസ് അടിയന്തരമായി തിരിച്ചെത്തിക്കണം. തീരദേശമേഖലയിൽ ആംബുലൻസ് സേവനം കിട്ടാത്ത സ്ഥിതിയാണ്.

കോവിഡിനെത്തുടർന്ന് തൊഴിൽനഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5,000 രൂപവീതം നൽകണം. സൗജന്യ റേഷനുപുറമേ ഭക്ഷ്യധാന്യകിറ്റും നൽകണം. തൊഴിലാളി കുടുംബങ്ങളെല്ലാം പട്ടിണിയിലാണ്. ഇവർക്ക് ക്ഷേമനിധിയിൽനിന്നോ സർക്കാർ നേരിട്ടോ സഹായം എത്തിക്കണം.

അക്ഷയകേന്ദ്രങ്ങൾ തുറക്കണം

:കണ്ടെയ്‌ൻമെന്റ് സോണുകളിലെ അക്ഷയകേന്ദ്രങ്ങൾ അടച്ചിട്ടിരിക്കുന്നതിനാൽ ഉപരിപഠനത്തിന് ഓൺലൈൻ അപേക്ഷ നൽകാൻ കഴിയാതെ കുട്ടികൾ ബുദ്ധിമുട്ടുകയാണ്. പത്ത്, പ്ലസ്ടു ഫലമറിഞ്ഞ സാഹചര്യത്തിൽ ഓൺലൈൻ അപേക്ഷനൽകാനുള്ള സൗകര്യം ഉടൻ ഏർപ്പെടുത്തണം. പ്രശ്നം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയതായും രമേശ് ചെന്നിത്തല പറഞ്ഞു. ഡി.സി.സി. പ്രസിഡന്റ് അഡ്വ. എം.ലിജു, ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.