ഹരിപ്പാട് : കോവിഡ് ഫസ്റ്റ്‌ലൈൻ ചികിത്സയ്ക്ക് പതിയാങ്കരയിലെ അറബികോളേജ് റവന്യൂവകുപ്പ് ഏറ്റെടുത്തു. 100 പേർക്ക് ചികിത്സനൽകാനുള്ള സൗകര്യം ഇവിടെയുണ്ട്. തൃക്കുന്നപ്പുഴയിലെ സ്കൂളുകൾ പരിഗണിക്കണമെന്ന് ഗ്രാമപ്പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു. ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലെ സംഘം പല്ലന മഹാകവി കുമാരനാശാൻ സ്മാരക ഹയർസെക്കൻഡറി സ്‌കൂൾ, പാനൂർ ഗവ. യു.പി. സ്‌കൂൾ എന്നിവ പരിശോധിച്ചെങ്കിലും അന്തിമതീരുമാനമായില്ല.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ശനിയാഴ്ച തൃക്കുന്നപ്പുഴയിൽ അവലോകനയോഗം നടന്നിരുന്നു. കോവിഡ് സ്രവപരിശോധന വർധിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഗ്രാമപ്പഞ്ചായത്തിന്റെ അതിർത്തികളെല്ലാം അടയ്ക്കും. പുറത്തുനിന്നുള്ള വാഹനങ്ങൾ പ്രവേശിക്കാൻ അനുവദിക്കില്ല. കടകൾ സർക്കാർ നിർദേശപ്രകാരം വൈകീട്ട് നാലുവരെ പ്രവർത്തിക്കും. സേവനമേഖലയിലെ സ്ഥാപനങ്ങളും അടച്ചിടും.

ഗ്രാമപ്പഞ്ചായത്തിന് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് 20 ലക്ഷം രൂപയിലധികം ചെലവായിട്ടുണ്ട്. ഈ തുകയ്ക്കുള്ള ബില്ല് റവന്യൂവകുപ്പിന് കൈമാറിയെങ്കിലും പണം അനുവദിച്ചുകിട്ടിയില്ല. ഇക്കാര്യം കളക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരെ രമേശ് ചെന്നിത്തല ഫോണിൽ അറിയിച്ചു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി.അമ്മിണി, വൈസ് പ്രസി. ഹാരീസ് അണ്ടോളിൽ, ജോൺ തോമസ്, എസ്.സുധിലാൽ, പി.ആർ.ഓമന, മൈമുനത്ത്, ജി.കാർത്തികേയൻ, സിന്ധു ബാലകൃഷ്ണൻ, ഡോ. ആർ.സുനിൽ, എസ്.ഐ. ആനന്ദബാബു തുടങ്ങിയവർ പങ്കെടുത്തു.