ഹരിപ്പാട് : വിവാഹസമയത്ത് ഭാര്യ ഗർഭിണിയായിരുന്നെന്ന വരന്റെ പരാതിയിന്മേൽ വിവാഹം അസാധുവാക്കികൊണ്ട് കുടുംബക്കോടതി ഉത്തരവ്. കരുവാറ്റ സ്വദേശിയായ സൈനികന്റെ പരാതിയിൽ മാവേലിക്കര കുടുംബക്കോടതിയാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്.

2016 നവംബർ 11-നായിരുന്നു വിവാഹം. രണ്ടാഴ്ചയ്ക്കുശേഷം ഒന്നിച്ചുള്ള യാത്രയ്ക്കിടെ ഛർദ്ദിച്ച് അവശയായ വധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌കാൻചെയ്തപ്പോൾ മൂന്നുമാസം ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞു. ഭാര്യ ഗർഭിണിയാണെന്ന് പറഞ്ഞ് ഡോക്ടർ അഭിനന്ദിച്ചപ്പോഴാണ് സൈനികൻ വിവരമറിയുന്നത്. തുടർന്നാണ്, വിവാഹം അസാധുവാക്കാൻ കോടതിയെ സമീപിച്ചത്.

സൈനികനുമായി വിവാഹപൂർവ ബന്ധമുണ്ടായിരുന്നെന്നും ഇങ്ങനെ ഗർഭിണിയായെന്നുമാണ് എതിർകക്ഷിയുടെ വാദം. അസാം റൈഫിൾസ് സൈനികനായ യുവാവ് അവധിയുടെ രേഖകളും മറ്റും കോടതിയിൽ ഹാജരാക്കി.

സംഭവത്തിനുശേഷം വധു ഗർഭഛിദ്രം നടത്തിയിരുന്നു. സ്‌കാനിങ് റിപ്പോർട്ടും ഡോക്ടറുടെ മൊഴിയും ഉൾപ്പെടെയുള്ള രേഖകൾ കോടതി പരിഗണിച്ചു. അഭിഭാഷകനായ കെ.ശ്രീകുമാർ സൈനികനുവേണ്ടി കോടതിയിൽ ഹാജരായി.