ഹരിപ്പാട് : ലോക്ഡൗൺ കാലത്ത് സ്‌കൂൾ പരിസരത്ത് കൃഷിനടത്താനുള്ള ഓൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയന്റെ(എ.കെ.എസ്.ടി.യു. ) നവമുന്നേറ്റം പദ്ധതി വിജയത്തിലേക്ക്. സംസ്ഥാനത്ത് 1000 സ്‌കൂൾ വളപ്പുകളിലാണ് കൃഷി. ഇതിന്റെഭാഗമായി ഹരിപ്പാട് ഉപജില്ലയിലെ പള്ളിപ്പാട് തെക്കേക്കര ഗവ.എൽ.പി.എസ്., ചേപ്പാട് തെക്ക് ഗവ.എൽ.പി.ജി.എസ്., ചേപ്പാട് പി.എം.ഡി. യു.പി.എസ്. എന്നിവിടങ്ങളിലാണ് നെൽക്കൃഷി തുടങ്ങിയത്. ജൂൺ ആദ്യമാണ് വിതച്ചത്. അടുത്തമാസം അവസാനത്തോടെ കൊയ്യാം.

അച്ചൻകോവിലാറിന്റെ തീരത്തുള്ള തെക്കേക്കര ഗവ. എൽ.പി.സ്‌കൂൾവളപ്പിൽ 50 സെന്റിലാണ് നെൽക്കൃഷി ചെയ്തിരിക്കുന്നത്. അധ്യാപകർക്കൊപ്പം എസ്.എം.സി. ഭാരവാഹികളും കൃഷിപരിപാലനത്തിനുണ്ട്. കഴിഞ്ഞദിവസം എല്ലാവരുംചേർന്ന് കളപറിച്ചശേഷം വളമിട്ടു.

മറ്റുസ്‌കൂളുകളിലും ഇതേരീതിയിലെ കൂട്ടായ്മയാണ് കൃഷിക്ക് മേൽനോട്ടം വഹിക്കുന്നത്. എ.കെ.എസ്.ടി.യു. സംസ്ഥാന പ്രസിഡന്റ് എൻ. ശ്രീകുമാർ, ജില്ലാ കമ്മിറ്റി അംഗം കൂടിയായ തെക്കേക്കര ഗവ.എൽ.പി.എസ്. ഹെഡ്മാസ്റ്റർ കെ. രാജഷ് കുമാർ എന്നിവർ കൃഷിക്ക് മേൽനോട്ടം വഹിക്കുന്നു.