ഹരിപ്പാട് : ദേശീയപാതയിലെ കരുവാറ്റ വഴിയമ്പലം ജങ്ഷനിൽ വാഹനങ്ങൾ ഡിവൈഡറിൽ ഇടിച്ചുകയറി അപകടം. ചൊവ്വാഴ്ച പുലർച്ചേ ഇങ്ങനെയുണ്ടായ രണ്ട് അപകടങ്ങളിൽ ആർക്കും പരിക്കില്ല.

കർണാടകത്തിൽനിന്ന്‌ പയറും തക്കാളിയും കയറ്റിവന്ന പിക്കപ്പ് വാനാണ് ആദ്യം അപകടത്തിൽപ്പെട്ടത്. പുലർച്ചേ മൂന്നുമണിയോടെയാണിത്. ഡിവൈഡറും മുൻഭാഗത്തെ സിഗ്നൽ ബോർഡ് ഉൾപ്പെടെ ഇടിച്ചുതകർത്ത വാൻ തലകീഴായി മറിഞ്ഞു. തക്കാളി റോഡിൽ ചിതറിവീണു. ഡ്രൈവർ കർണാടക സ്വദേശിയായതിനാൽ കോവിഡ് ഭയന്ന് നാട്ടുകാർ സഹായത്തിനെത്തിയില്ല.

ഹരിപ്പാട്ടെ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയശേഷമാണ് വണ്ടി റോഡരികിലേക്ക് നീക്കിയത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ കായംകുളത്തുനിന്ന് ആലപ്പുഴയിലേക്ക് പോയ കാർയാത്രക്കാരും ഇവിടെ അപകടത്തിൽപ്പെട്ടു. ഗതാഗതം നിയന്ത്രിക്കാൻ റോഡിൽ സ്ഥാപിച്ചിരുന്ന ബോർഡ് തകർത്ത് ഈ വണ്ടിയും ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞു. കാർ തലകീഴായി മറിഞ്ഞെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

സീനിയർ ഫയർ ആൻഡ്‌ റസ്‌ക്യൂ ഓഫീസർമാരായ പി.ബിനുകുമാർ, ബിജുമോൻ, ഫയർ ആൻഡ്‌ റസ്‌ക്യൂ ഓഫീസർമാരായ ആർ.ഗണേഷ്‌കുമാർ, ആർ.ഹരിപ്രവീൺ, പി.ഒ.മനു, പി.ശരത്ചന്ദ്രൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ദേശീയപാതയിലെ അപകടമേഖലയായ വഴിയമ്പലം ജങ്ഷൻ അപകടമുക്തമാക്കുന്നതിനായി അടുത്തിടെയാണ് ഡിവൈഡർ സ്ഥാപിച്ചത്.