ഹരിപ്പാട് : കായംകുളം കമ്പോളം അടയ്ക്കുകയും ഹരിപ്പാട്ടെ പച്ചക്കറിക്കടകളിൽ ഒരുദിവസം ഇതരസംസ്ഥാനങ്ങളിൽനിന്ന്‌ എത്തിക്കാവുന്നത് പരമാവധി രണ്ട് ലോഡായി പരിമിതപ്പെടുത്തുകയും ചെയ്തതോടെ പച്ചക്കറി മൊത്തക്കച്ചവടം റോഡിലേക്ക്. ഹരിപ്പാട് പടിഞ്ഞാറെനടയിലും ദേശീയപാതയിൽ റെയിൽവേ റോഡിന് സമീപത്തും മാധവാ ജങ്ഷനിലുമെല്ലാമായി രണ്ടുദിവസമായി പുലർച്ചേ ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള പച്ചക്കറിലോറികൾ നിർത്തിയിടുന്നു. ഇതിൽനിന്ന് ചില്ലറവ്യാപാരികൾക്കുള്ള പച്ചക്കറികൾ ചെറിയ വണ്ടികളിലേക്ക് മാറ്റും. ലോറികളിലെ ഡ്രൈവറും ക്ലീനറുമെല്ലാം ഇതരസംസ്ഥാനക്കാരാണ്. നാട്ടുകാരായ കച്ചവടക്കാരും ലോഡിങ് തൊഴിലാളികളുമെല്ലാം സാമൂഹിക അകലം പാലിക്കാതെയാണ് ഇവരോട് സഹകരിക്കുന്നത്.

ഹരിപ്പാട് കച്ചേരി ജങ്ഷനിലെയും ദേശീയപാതയിൽനിന്ന് ബി.എസ്.എൻ.എൽ. ഓഫീസിലേക്കുള്ള റോഡിന് സമീപത്തെയും കടകളിലാണ് രണ്ടാഴ്ചയായി പുറത്തുനിന്നുള്ള പച്ചക്കറിലോറികൾ എത്തിയിരുന്നത്. ഹരിപ്പാട്ടെയും കായംകുളത്തെയും സമീപപ്രദേശങ്ങളിലെയും കടകളിലേക്കുള്ള സാധനങ്ങളെല്ലാം ഇവിടെ ഇറക്കുകയായിരുന്നു. നഗരസഭയും ആരോഗ്യവകുപ്പും പോലീസും ചേർന്ന് ഇത് തടഞ്ഞിരുന്നു. കടകളിലേക്ക് ആവശ്യമുള്ള സാധനങ്ങൾ മാത്രമേ ഇറക്കാൻ അനുവദിക്കൂവെന്ന കർശന നിലപാടെടുത്തു. ഒരുദിവസം പരമാവധി രണ്ടുലോഡ് സാധനങ്ങൾ എത്തിക്കാനാണ് അനുമതി നൽകിയത്. ഇതോടെയാണ് വഴിനീളെ മൊത്തവിൽപ്പന നടത്താൻ കച്ചവടക്കാർ തീരുമാനിച്ചത്.