ഹരിപ്പാട് : ചെറുതനകരയിൽ പുത്തൻവള്ളം നിർമിക്കുന്നു. 50 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. വള്ളത്തിനുള്ള ആഞ്ഞിലിത്തടി മുറിക്കുന്ന ജോലി ഞായറാഴ്ച തുടങ്ങി. ഓണത്തിന് മുൻപ് പുത്തൻവള്ളത്തിന് ഉളികുത്താനാണ് നാട്ടുകാരുടെ തീരുമാനം. കോഴിമുക്ക് സാബുആചാരിയാണ് ശില്പി. ചെറുതന പാലത്തിന്റെ തെക്കുഭാഗത്താണ് തടി എത്തിച്ചിട്ടുള്ളത്. വടക്കേകരയിലെ വള്ളപ്പുരയിൽ വച്ചാണ് പുത്തൻ വള്ളം നിർമിക്കുന്നത്.

1986-ൽ നീറ്റിലിറക്കിയ ചെറുതന പുത്തൻചുണ്ടനാണ് നിലവിലുള്ളത്. ഇത് വിറ്റിട്ടാണ് പുത്തൻവള്ളം നിർമിക്കുന്നത്. 2004 ൽ നെഹ്രുട്രോഫി നേടിയ വള്ളമാണ് ചെറുതന. ഇതിനൊപ്പം ഒൻപത് പ്രാവശ്യം രണ്ടാംസ്ഥാനം നേടിയ ചരിത്രവും ചെറുതന വള്ളത്തിനുണ്ട്. അപ്പർ കുട്ടനാടൻ വള്ളംകളികളിൽ പലപ്രാവശ്യം ഹാട്രിക് വിജയം നേടിയിട്ടുണ്ട്. ആലപ്പുഴയ്‌ക്കൊപ്പം സമീപ ജില്ലകളിലെ ജലോത്സവങ്ങളിലും ചെറുതന വിജയം കൊയ്തിട്ടുണ്ട്. എങ്കിലും നെഹ്രുട്രോഫിയിൽ കൂടുതൽ വിജയങ്ങളെന്നത് സ്വപ്‌നമായി അവശേഷിക്കുകയായിരുന്നു. ഇതോടെയാണ് പുത്തൻ വള്ളം നിർമിക്കാൻ കരക്കാർ തീരുമാനിച്ചത്.

പൂഞ്ഞാറിൽ നിന്നാണ് വള്ളത്തിനുള്ള ആഞ്ഞിലി എത്തിച്ചിരിക്കുന്നത്. ഏഴ് ലക്ഷം രൂപ വിലവരുന്ന രണ്ട് തടികളാണ് ഇപ്പോൾ കൊണ്ടുവന്നിട്ടുള്ളത്.

ബാക്കി തടി അടുത്തഘട്ടത്തിൽ എത്തിക്കും. ചെറുതന കരയിലെ 750 ഷെയർ ഉടമകളുടെ വകയാണ് വള്ളം. ചെറുതന ചുണ്ടൻവള്ള സമിതി ഭാരവാഹികൾ: സുരേന്ദ്രൻ (പ്രസി.), മുരളീധരൻ നായർ (സെക്ര.), നന്ദകുമർ (ഖജാ.), കെ.മധു (ക്യാപ്റ്റൻ).