ഹരിപ്പാട് : കയർവ്യവസായ സഹകരണ സംഘങ്ങൾക്ക് കയർഫെഡ് വഴിയുള്ള ചകിരി വിതരണം പാളിയതോടെ കാർത്തികപ്പള്ളി താലൂക്കിൽ സ്വകാര്യ കയർ ഉത്പാദകർ വീണ്ടും രംഗത്തിറങ്ങുന്നു. സംഘങ്ങൾക്കായി കയർ പിരിക്കുന്ന തൊഴിലാളികളുടെ വീടുകളിൽ സ്വകാര്യ ഉത്പാദകർ ചകിരി എത്തിക്കുകയാണ്. കോവിഡിനെ തുടർന്ന് തൊഴിലവസരങ്ങൾ നഷ്ടമായിക്കൊണ്ടിരിക്കുന്ന തൊഴിലാളികൾ കൂലി കുറവാണെങ്കിലും സ്വകാര്യ ഉത്പാദകർക്കുവേണ്ടി ജോലി ചെയ്യേണ്ടിയുംവരുന്നു.

അടുത്തകാലം വരെ കാർത്തികപ്പള്ളി താലൂക്കിലെ കയർ ഉത്പാദനത്തിന്റെ കുത്തക സ്വകാര്യ മേഖലയ്ക്കായിരുന്നു. കയർസംഘങ്ങൾ വഴിയുള്ള കയർപിരി പ്രോത്സാഹിപ്പിക്കാനുള്ള സർക്കാരിന്റെ ഇടപെടൽ കാരണം സ്വകാര്യ ഉത്പാദകർക്ക് ലാഭകരമായി ഉത്പാദനം നടത്താൻ കഴിയാതെ വന്നു. ഇതോടെ താലൂക്കിലെ വൻകിട സ്വകര്യ ഉത്പാദകരിൽ ഭൂരിപക്ഷവും രംഗംവിട്ടു. എന്നാൽ, കയർസംഘങ്ങൾ നിർബന്ധമായും കയർഫെഡ് വഴി ചകിരി വാങ്ങണമെന്ന നിബന്ധന നിലവിൽ വന്നതോടെ ഈ സ്ഥിതി മാറി. ചകിരിക്ഷാമം നിമിത്തം സംഘങ്ങളിലെ തൊഴിലാളികൾക്ക് ജോലി കിട്ടാത്ത സ്ഥിതിയായി. ഇതോടെയാണ്, സ്വകാര്യ ഉത്പാദകർ തൊഴിലാളികളുടെ വീടുകളിൽ ചകിരി എത്തിച്ചുകൊടുക്കുന്നത്.

സ്വകാര്യ മേഖലയിൽ കൂലി 300

കയർ തൊഴിലാളികൾക്ക് മിനിമം കൂലിയായി 350 രൂപ കിട്ടത്തക്കവിധമാണ് കയർസംഘങ്ങളിലെ വേതന വ്യവസ്ഥ. ആറാട്ടുപുഴ, വൈക്കം കയറുകളാണ് കാർത്തികപ്പള്ളി താലൂക്കിൽ ഉത്പാദിപ്പിക്കപ്പെടുന്നത്. ആറാട്ടുപുഴ കയറാണെങ്കിൽ ഒരുദിവസം 27.5 മുടി പിരിക്കുമ്പോൾ സംഘങ്ങൾ 240 രൂപ കൂലി ഇനത്തിൽ നൽകും. വൈക്കം കയറാണെങ്കിൽ ഈ കൂലിക്ക് 30 മുടി പിരിക്കണം. ഇതിനൊപ്പം സർക്കാരിൽനിന്ന്‌ ഇൻകം സപ്പോർട്ട് സ്‌കീമിൽ ഉൾപ്പെടുത്തി 110 രൂപയും. ആകെ 350 രൂപ. സംഘങ്ങൾ നൽകുന്ന കൂലിയുടെ 20 ശതമാനം പിന്നീട് ബോണസായും ലഭിക്കും. ഫലത്തിൽ നിശ്ചിത അളവിൽ കയർ പിരിച്ചാൽ ഒരുദിവസം 398 രൂപ കൂലി കിട്ടും.

സ്വകാര്യ കയർ ഉത്പാദകർ ഒരുമുടി കയറിന് പരമാവധി 10 രൂപയാണ് കൂലി കൊടുക്കുന്നത്. ഇങ്ങനെയാകുമ്പോൾ ദിവസക്കൂലി 300 രൂപ. മറ്റ് ആനുകൂല്യങ്ങളൊന്നുമുണ്ടാകില്ല. സർക്കാർ നിശ്ചയിച്ചിട്ടുള്ള മിനിമം കൂലി അട്ടിമറിക്കുന്ന നടപടിയാണെങ്കിലും സർക്കാരിന്റെ സഹായങ്ങളൊന്നുമില്ലാത്തതിനാൽ ഇത്രയും കൂലി കൊടുക്കാനെ കഴിയുകയുള്ളൂവെന്നാണ് സ്വകാര്യ ഉത്പാദകർ പറയുന്നത്.