ഹരിപ്പാട്: നൂറിലേറെ ഏക്കറിൽ മത്സ്യക്കൃഷി. ഇരുന്നൂറിലധികം കർഷകർ. മാസത്തിൽ ഒരിക്കൽ ഒത്തുകൂടുന്ന മത്സ്യ കർഷകരുടെ ക്ലബ്ബ്. കർഷകരുടെ സഹായത്തിന് പഞ്ചായത്തിൽ സ്ഥിരം സംവിധാനം. കുമാരപുരം പഞ്ചായത്തിൽ ജനകീയ മത്സ്യക്കൃഷി ഇങ്ങനെയാണ്. സംസ്ഥാനത്തിനാകെ മാതൃകയാകുന്ന ഈ പ്രവർത്തനത്തിന് വീണ്ടും അഗീകാരം. ജനകീയ മത്സ്യക്കൃഷിയിൽ ജില്ലയിലെ ഏറ്റവും മികച്ച പഞ്ചായത്തായി കുമാരപുരം തിരഞ്ഞെടുക്കപ്പെട്ടു. മൂന്നുവർഷംമുൻപും ഇതേ അംഗീകാരം ലഭിച്ചിരുന്നു.

2016-17 വർഷത്തെ പദ്ധതി പ്രവർത്തനം അടിസ്ഥാനമാക്കിയായിരുന്നു പ്രഖ്യാപനം. ചൊവ്വാഴ്ച കൊല്ലത്ത് ചേരുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. രണ്ട് സെന്റ് മുതൽ മൂന്നര ഏക്കർവരെ വിസ്‌തൃതിയുള്ള കുളങ്ങളിലാണ് മത്സ്യക്കൃഷി. കട്‌ല, രോഹു, ഗ്രാസ് കാർപ്പ് എന്നീ മീനുകളെയാണ് പ്രധാനമായും വളർത്തുന്നത്. വെളളത്തിന്റെ മൂന്ന് തട്ടുകളിൽ വളരുന്നവയാണിത്. പഞ്ചായത്ത് പരിധിയിലെ എല്ലാ കർഷകർക്കും മത്സ്യക്കുഞ്ഞുങ്ങളെ സൗജന്യമായാണ് വിതരണം ചെയ്യുന്നത്. മത്സ്യത്തീറ്റ സബ്‌സിഡിയോടും. ലക്ഷങ്ങൾ വിലവരുന്ന മത്സ്യമാണ് ഓരോ സീസണുകളിലും കർഷകർ വിൽക്കുന്നത്.

മുളക്കിത്തറ എൻ.പി.രഘുനാഥൻ, പാലാഴിയിൽ യതീന്ദ്രദാസ് എന്നിവരുടെ വിശാലമായ മത്സ്യക്കുളങ്ങൾ മാതൃകാ പദ്ധതികളായി ഏറ്റെടുത്തിട്ടുണ്ട്. കൂടുതൽ മത്സ്യം വളർത്തുന്നത് ഈ കുളങ്ങളിലാണ്. ജില്ലയിലെ മികച്ച ജനകീയ മത്സ്യക്കൃഷി പ്രമോർട്ടർക്കുള്ള പുരസ്‌കാരം നേടിയിട്ടുള്ള സലീനയാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. എല്ലാ കർഷകർക്കും ശാസ്‌ത്രീയ മത്സ്യക്കൃഷിക്കുള്ള പരിശീലനം നൽകിയിട്ടുണ്ട്. ഇതിനാൽ ഒരിക്കൽ കൃഷിചെയ്തവർ പദ്ധതി ഉപേക്ഷിച്ചുപോകുന്നില്ല. സൗജന്യമായി ലഭിക്കുന്ന മത്സ്യക്കുഞ്ഞുങ്ങൾക്കൊപ്പം കർഷകർ സ്വന്തംനിലയിലും മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങി വളർത്തുന്നു. ഇങ്ങനെ സർക്കാർ പദ്ധതിക്കപ്പുറം ജനങ്ങളുടെ കൂട്ടായ്മയിലൂടെയാണ് കുമാരപുരത്തെ മത്സ്യക്കൃഷി പുരോഗമിക്കുന്നത്.