ഹരിപ്പാട്: ശബരിമല രക്ഷാമാർച്ചിനിടെ ഹരിപ്പാട്ടെ ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ ഓഫീസിന് മുന്നിൽ ബി.ജെ.പി.പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിവീശി. രണ്ട് മഹിളാമോർച്ച പ്രവർത്തകർ ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റു. സംഭവത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച നിയോജകമണ്ഡലത്തിൽ ഹർത്താൽ ആചരിക്കാൻ ബി.ജെ.പി. ആഹ്വാനംചെയ്തു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.

തിങ്കളാഴ്ച രാവിലെ പത്തരയോടെ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രനടയിലെ ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ ഓഫീസിന് മുന്നിലാണ് സംഘർഷമുണ്ടായത്. ഭക്തരുടെ വിശ്വാസം സംരക്ഷിക്കാത്ത ദേവസ്വം ബോർഡ് നിലപാടിൽ പ്രതിഷേധിച്ചായിരുന്നു ബി.ജെ.പി. നിയോജകമണ്ഡലം കമ്മിറ്റിയുടെ ശബരിമല രക്ഷാമാർച്ച്.

മുപ്പതോളം മഹിളാമോർച്ചാ പ്രവർത്തകരടക്കം മുന്നൂറോളം ബി.ജെ.പി.പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു. ദേവസ്വം ഓഫീസിന് സമീപത്ത് പോലീസ് മാർച്ച് തടഞ്ഞു.

ഒരു വനിതാ സിവിൽ പോലീസ് ഓഫീസർ മാത്രമായിരുന്നു പോലീസ് സംഘത്തിനൊപ്പമുണ്ടായിരുന്നത്. ഇതിനാൽ മഹിളാമോർച്ച പ്രവർത്തകരെ തടഞ്ഞുനിർത്താൻ പുരുഷ പോലീസുകാർ ശ്രമിച്ചു. പ്രവർത്തകർ ഇത് ചോദ്യംചെയ്തത് ഇരുവിഭാഗവും തമ്മിൽ തർക്കത്തിനിടയാക്കി.

ഇതിനിടെയാണ് പോലീസ് ലാത്തി വീശിയത്. പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റിയശേഷം ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ ഓഫീസ് പടിക്കൽ പ്രതിഷേധയോഗം ചേർന്ന ശേഷമാണ് പ്രവർത്തകർ പിരിഞ്ഞത്.

ബി.ജെ.പി. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പ്രണവം ശ്രീകുമാർ (53), സംസ്ഥാന കൗൺസിൽ അംഗം ടി. മുരളി (52), മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ശാന്തകുമാരി (43), ബി.ജെ.പി. മണ്ഡലം വൈസ് പ്രസിഡന്റ് സുമാ രാജു (41), യുവമോർച്ച മണ്ഡലം പ്രസിഡന്റ് ഷാജി കരുവാറ്റ (34), ബി.ജെ.പി. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് രാജേഷ് (41), കെ.രാജേന്ദ്രൻ (38), വി.വിനോദ് (27) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഹരിപ്പാട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗതാഗതം തടഞ്ഞതിനും അനുമതിയില്ലാതെ മൈക്ക് പ്രവർത്തിപ്പിച്ചതിനും ബി.ജെ.പി. പ്രവർത്തകർക്കെതിരേ കേസെടുത്തതായി പോലീസ് പറഞ്ഞു.