ആലപ്പുഴ: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികം നാടെങ്ങും ആഘോഷിച്ചു. വിദ്യാർഥികളുമായി കളക്ടർ ഡോ.അദീല അബ്ദുള്ള ഗാന്ധിജിയുടെ ആശയങ്ങൾ പങ്കുവെച്ചു. ഗാന്ധിജിയുടെ ദർശനങ്ങൾക്ക് ഇന്ന് പ്രസക്തിയേറി വരികയാണെന്ന് കളക്ടർ അഭിപ്രായപ്പെട്ടു.
കളക്ടറേറ്റ് അങ്കണത്തിലെ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചനയും ഹാരാർപ്പണവും കളക്ടർ നിർവഹിച്ചു. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ പൊതുസമ്മേളനം ജില്ലാ പോലീസ് മേധാവി കെ.എം.ടോമി ഉദ്ഘാടനം ചെയ്തു. ഗാന്ധിസ്മൃതി മണ്ഡപ സമിതി രക്ഷാധികാരി കല്ലേലി രാഘവൻപിള്ള ഗാന്ധിസന്ദേശം നൽകി.
എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഷാജി എസ്.രാജൻ പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എ.ഡി.എം. എം.വി. സുരേഷ്ബാബു, ചന്ദ്രഹാസൻ വടുതല, ചുനക്കര ജനാർദ്ദനൻ നായർ, രാജു പള്ളിപ്പറമ്പിൽ, പി.ജെ.ജോസഫ്, രാധാകൃഷ്ണൻ, പി.എൻ.കുഞ്ഞുമോൻ, പി.എൻ.ഇന്ദ്രസേനൻ എന്നിവർ പങ്കെടുത്തു.
ഗാന്ധിസ്മൃതി മണ്ഡപ സമിതി, ജില്ലാ ഭരണകൂടം, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, എക്‌സൈസ് വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
ശില്പി ബിജു ജോസ് നിർമിക്കുന്ന ഒരുലക്ഷം പ്രതിമകൾ വിവിധ സർക്കാർ ഓഫീസുകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് നൽകുന്നതിന്റെ ഉദ്ഘാടനവും കളക്ടർ നിർവഹിച്ചു.
ജൂനിയർ ചേംബർ ഇന്റർനാഷണൽ, ജീവനം എന്നിവയുടെ നേതൃത്വത്തിൽ ഉപയോഗശൂന്യമായ ജീൻസ്, സാരികൾ എന്നിവ ഉപയോഗിച്ച് തുണി സഞ്ചി, ഹാൻഡ് ബാഗ്, ഗ്രോ ബാഗ് എന്നിവ നിർമിക്കുന്നതിലേക്കുള്ള ആദ്യ സംഭാവനയും സ്വീകരിച്ചു. ബസ്‍സ്റ്റാൻഡ്, കോളേജ്, തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന പ്രത്യേക സ്ഥലങ്ങളിലൂടെയാണ് ഇത്തരത്തിൽ വസ്ത്രങ്ങൾ ശേഖരിക്കുന്നത്.
എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ലഹരി വർജന മിഷൻ ’വിമുക്തി’ ലഹരി വിരുദ്ധ പദയാത്ര നടത്തി. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ഷാജി എസ്. രാജൻ ഫ്‌ളാഗ് ഓഫ് ചെയ്തു. മികച്ച പ്രകടനം കാഴ്ചവെച്ച മാതാ സീനിയർ സെക്കൻഡറി സ്‌കൂൾ, ലജ്നത്തുൽ മുഹമ്മദീയ എച്ച്.എസ്.എസ്., മുഹമ്മദൻസ് ബോയ്‌സ് എച്ച്.എസ്.എസ്. എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഗാന്ധിജി ആലപ്പുഴ സന്ദർശിച്ചതിന്റെ സ്മാരകമായ കണ്ണട കാണാനും ആളുകൾ ഏറെയുണ്ടായിരുന്നു.