കുട്ടനാട് : മലവെള്ളത്തിന്റെ കുത്തൊഴുക്കിനെത്തുടർന്നു കുട്ടനാടൻ പാടശേഖരങ്ങളിൽ മടവീഴ്ച വ്യാപകം. ജില്ലയിൽ 22 പാടങ്ങളിലായി 26 മടവീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. പുളിങ്കുന്ന് കൃഷിഭവൻപരിധിയിലെ ശ്രീമൂലമംഗലം കായൽ, വെളിയനാട് കൃഷിഭവൻ പരിധിയിൽവരുന്ന കുഴിയടി- പാലിയേക്കരി പാടശേഖരം എന്നിവിടങ്ങളിൽ കഴിഞ്ഞദിവസം മടവീഴ്ചയുണ്ടായതാണു നിലവിൽ അവസാനത്തേത്.

596 ഏക്കർവരുന്ന ശ്രീമൂലമംഗലം പാടശേഖരത്തിൽ 284 കർഷകരാണുള്ളത്. പുഞ്ചക്കൃഷിക്കായി നിലമൊരുക്കൽ ജോലികൾ അവസാനഘട്ടത്തിലെത്തി നിൽക്കെയാണു വട്ടക്കായലിനോടുചേർന്നുള്ള പുറംബണ്ടിൽ ഇന്നലെ മടവീണത്. കുട്ടനാട് പാക്കേജ്പ്രകാരം പുറംബണ്ടു ബലപ്പെടുത്തിയ ഭാഗത്താണു മടവീണത്.

സ്ലാബിനടിയിലുണ്ടായ വിള്ളലിൽകൂടി വെള്ളം പാടത്തേക്കു ഇരച്ചുകയറുകയായിരുന്നു. വെള്ളത്തിന്റെ തള്ളിക്കയറ്റത്തെത്തുടർന്ന് 30 മീറ്ററോളം പുറംബണ്ട് ഒലിച്ചുപോയി. ഇപ്പോഴും നീരൊഴുക്കിനൊപ്പം മടയും വലുതായിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ പുറംബണ്ടു തകരാതിരിക്കാൻ തൂമ്പുകളുടെ ഷട്ടറുകളുയർത്തി വെള്ളത്തിന്റെ മർദംകുറയ്ക്കാനുള്ള ശ്രമത്തിലാണു കർഷകർ. പുഞ്ചക്കൃഷിക്കായി വെള്ളംവറ്റിച്ച കായലിൽ, ഉഴവും മറ്റു നിലമൊരുക്കലലും പൂർത്തിയാക്കിയശേഷം കളനശിപ്പിക്കുന്നതിനായി പാടത്തു വെള്ളം കയറ്റിക്കൊണ്ടിരിക്കുന്നതിനിടെയാണ് മടവീഴ്ചയുണ്ടായത്.

എല്ലാ കർഷകരും വിതയ്ക്കാനുള്ള വിത്തുംവാങ്ങി തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു. സർക്കാർ ഇടപെട്ടു അടിയന്തരമായി മടകുത്തിനൽകിയാൽ 25 ദിവസത്തിനുള്ളിൽ പാടത്തു വിതയ്ക്കാനാകുമെന്നു കർഷകർ പറയുന്നു.

മടകുത്തൽ വൈകിയാൽ ഇത്തവണത്തെ പുഞ്ചക്കൃഷിതന്നെ അനിശ്ചിതത്വത്തിലാകും. തികച്ചും സാധാരണക്കാരായ കർഷകരുടെ പാടശേഖരമാണ് വെളിയനാട് കുഴിയടിപ്പാടം. 43 ഏക്കർ മാത്രം വിസ്തൃതിയുള്ള പാടത്തു 23 കർഷകരാണുള്ളത്.

വെള്ളപ്പാച്ചിലിൽ 22 പാടശേഖരങ്ങളിൽ
മൂലപ്പള്ളിക്കാട് പാടശേഖരത്തിൽ മടവീണപ്പോൾ

പുഞ്ചക്കൃഷിക്കായി വെള്ളംവറ്റിച്ച പാടത്ത്‌ ഉഴവും, വരമ്പുവെട്ടും, ചാലെടുപ്പു ജോലികളുമെല്ലാം പൂർത്തിയാക്കി കാത്തിരിക്കുമ്പോഴാണ് കഴിഞ്ഞദിവസം മലവെള്ളം ബണ്ടുതകർത്തു പാടത്തേക്കിരച്ചുകയറിയത്. പാടശേഖരത്തിൽ വെള്ളംവറ്റിക്കുന്നതിനായി ആകെ ഒരുമോട്ടോർ മാത്രമാണുള്ളത്. കിഴക്കൻ വെള്ളത്തിന്റെ തള്ളിക്കയറ്റത്തിൽ മോട്ടോർതറയുടെ പെട്ടിയടക്കം ഒലിച്ചുപോയി.

ജലനിരപ്പു താഴ്ന്നയുടൻ മടകുത്തി വെള്ളംവറ്റിച്ചു പാടത്തു കൃഷിയിറക്കാൻതന്നയൊണു കർഷകരുടെ തീരുമാനം. എന്നാൽ, അരയേക്കറിൽ താഴെവരെ കൃഷിഭൂമിയുള്ള പാടശേഖരത്തിലെ കർഷകർ സാമ്പത്തികമായി ഏറെ ദുരിതമനുഭവിക്കുന്നവരാണ്.

സർക്കാരിൽനിന്നുള്ള സഹായംകിട്ടിയെങ്കിൽ മാത്രമേ മടകുത്തൽ സമയത്തു നടത്താനാകൂ. സഹായം വൈകിയാൽ പുഞ്ചക്കൃഷിമാത്രമല്ല നിലയ്ക്കുക, ഒരുവർഷത്തെ കൃഷിയാകും. കൃഷിയെമാത്രം ആശ്രയിക്കുന്ന കുട്ടനാടൻ കർഷകരുടെ വകുമാനമാർഗവും ഇതോടെ ഇല്ലാതെയാകും.

എടത്വായിലെ ആറുപാടശേഖരങ്ങളിൽ കഴിഞ്ഞദിവസം വെള്ളംകയറിയിരുന്നു. നെടുമുടി മുത്തറയ്ക്കൽ ഗണപതി 94 പാടശേഖരത്തിലേക്കു വെള്ളം കയറിത്തുടങ്ങിയെങ്കിലും കർഷകരുടെ പരിശ്രമത്തിലൂടെ മടവീഴ്ച തടയാനായി.

കൊയ്ത്തു തുടങ്ങാനിരിക്കെ ചമ്പക്കുളം കൃഷിഭവൻപരിധിയിലെ 160 ഏക്കറുള്ള മൂലപ്പള്ളിക്കാട് പാടശേഖരത്തു മടവീണു. ബുധനാഴ്ച വൈകീട്ട് 5.30-തോടെയാണു മടവീഴ്ചയുണ്ടായത്. 25-നു കൊയ്ത്താരംഭിക്കാൻ തീരുമാനിച്ചിരിക്കെയാണു മടവീണത്.

നാലാംവാർഡ് കരീച്ചിറഭാഗത്തെ സംരക്ഷണബണ്ട് തള്ളിപ്പോവുകയായിരുന്നു.

ഏതാനുംദിവസമായി ജലനിരപ്പു ക്രമാതീതമായി ഉയർന്നുനിന്നതിനെ തുടർന്ന് കർഷകരുടെ പൂർണനിരീക്ഷണത്തിലായിരുന്നു പാടശേഖരം. ബുധനാഴ്ചരാവിലെ ജലനിരപ്പു നേരിയതോതിൽ കുറഞ്ഞതു കർഷകർക്ക് ആശ്വാസമാവുകയും ചെയ്തിരുന്നു. ഇതിനിടെയാണ് വൈകീട്ടോടെ ജലനിരപ്പു വർധിക്കുകയും മടവീഴ്ചയുണ്ടാവുകയും ചെയ്തത്.

കർഷകർ മടതടയാനുള്ള ശ്രമംനടത്തിയെങ്കിലും പരാജയപ്പെട്ടു. ചെറുകിട നാമമാത്ര കർഷകരാണ് ഏറെയും. മടവീഴ്ചയുണ്ടായതോടെ കനത്തനഷ്ടമാണ് കർഷകർക്കുണ്ടായിരിക്കുന്നത്.

അടിയന്തര സഹായധനം നൽകണം

കുട്ടനാട്ടിൽ മടവീഴ്ചമൂലം നാശംസംഭവിച്ച നെൽക്കർഷകർക്ക് അടിയന്തരമായി സഹായധനം അനുവദിക്കണമെന്നു കർഷകമോർച്ച ജില്ലാ പ്രസിഡന്റ് വി. ശ്രീജിത്ത് ആവശ്യപ്പെട്ടു.