ചെങ്ങന്നൂർ: ബംഗാളികളെന്ന ഒറ്റ വിളിപ്പേരിൽ എത്തുന്നത് രാജ്യത്തിന് പുറത്തുനിന്നുള്ള ക്രിമിനൽ പശ്ചാത്തലമുള്ളവരും. ഇവരെ കണ്ടെത്താൻ കൃത്യമായ സംവിധാനങ്ങളില്ല. ഇത്തരം തൊഴിലാളികളുടെ പേരുവിവരങ്ങളും ഇവരെ എത്തിക്കുന്ന ലേബർ കോൺട്രാക്ടർമാരുടെ വിലാസവും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിക്കണമെന്നാണ് നിയമം. എന്നാൽ, ദിനംപ്രതി എത്തുന്ന നൂറുകണക്കിന് തൊഴിലാളികളുടെ കണക്കെടുക്കാൻ പോലീസും മിനക്കെടുന്നില്ല.

bbനിയമമുണ്ട്, നടപ്പാക്കുന്നില്ല

bbനിയമപ്രകാരം അന്യസംസ്ഥാനത്തുനിന്നെത്തുന്ന തൊഴിലാളികളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ഇവരുടെ ചിത്രം, വിരലടയാളം, കാൽപ്പാദത്തിന്റെ അടയാളം, നാട്ടിലെ മേൽവിലാസം, രണ്ട്‌ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ മേൽവിലാസം, നാട്ടിലെ പോലീസ് സ്റ്റേഷനിലെ ക്ലിയറൻസ് സർട്ടിഫിക്കറ്റ്, തൊഴിൽദാതാവായ കരാറുകാരന്റെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള മേൽവിലാസം, വാടകവീടിന്റെ വിലാസം എന്നിവ ശേഖരിക്കണമെന്നാണ് നിയമം. എന്നാൽ, ഇക്കാര്യം പോലീസ് ചെയ്യുന്നില്ല.

bbപഴുതുകൾ അനവധി

bbഅന്യസംസ്ഥാന തൊഴിലാളികളുടെ പേരുവിവരങ്ങൾ ലേബർ ഓഫീസിലും സൂക്ഷിക്കുന്നില്ല. ലേബർ കോൺട്രാക്ട് നിയമപ്രകാരം 19 പേരിൽ കൂടുതൽ ഉണ്ടെങ്കിൽ മാത്രമേ ഇവരുടെ പേര് രജിസ്റ്റർ ചെയ്യേണ്ട ആവശ്യമുള്ളു. ഇക്കാരണത്താൽ 19-ൽ താഴെയുള്ള കണക്കുകളേ ലേബർ കോൺട്രാക്ടർമാർ സൂക്ഷിക്കാറുള്ളൂ. ഇക്കാരണത്താൽ ഇവരുടെ പേരുവിവരങ്ങൾ എങ്ങും രേഖപ്പെടുത്തുന്നില്ല. മുൻപ് ലേബർ കോൺട്രാക്ടർ മുഖേന എത്തിയിരുന്ന തൊഴിലാളികളെ പറമ്പിലെ ജോലിക്ക് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് വീട്ടുകാർ തന്നെ നേരിട്ടാണ് വിളിക്കുന്നത്.

bbതിരിച്ചറിയൽ രേഖകളും വ്യാജം

bbആധാർകാർഡും തിരിച്ചറിയൽ കാർഡുമെല്ലാം വ്യാജമായി നിർമിച്ചാണ് ഇവർ ജോലിക്കെത്തുന്നത്. താലൂക്കിലെ തന്നെ ഒരു പ്രമുഖ തൊഴിൽശാലയിൽ ലേബർ ഓഫീസിൽനിന്ന്‌ പരിശോധനയ്‌ക്ക് എത്തിയ സമയത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ നിരവധി തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തി. ഇതേപ്പറ്റി തിരക്കിയപ്പോൾ ഇവിടെനിന്ന്‌ മടങ്ങിപ്പോകുന്നവർ തിരച്ചറിയൽ രേഖകൾ കൊണ്ടുപോകുന്നില്ലെന്നാണ് ഉടമ അറിയിച്ചത്. എന്നാൽ, സംഭവത്തിൽ അന്വേഷണം നടത്താൻ പോലീസ് മിനക്കെട്ടിട്ടില്ല.