പൂച്ചാക്കൽ: മൂന്നുമുന്നണികളും അരൂരിൽ പ്രചാരണം ശക്തമാക്കി. യു.ഡി.എഫ്. സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ വെള്ളിയാഴ്ച പ്രചാരണ പരിപാടി കുത്തിയത്തോട് നിന്നാണ് തുടങ്ങിയത്. കുത്തിയത്തോട്, തുറവൂർ, കോടംതുരുത്ത്, അരൂക്കുറ്റി, എഴുപുന്ന, ചാവടി, പറയകാട്, എരമല്ലൂർ ഭാഗങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകരോടൊപ്പം വോട്ട് അഭ്യർഥിച്ചു.

നിയോജകമണ്ഡലത്തിലെ പ്രധാന വ്യവസായശാലകൾ, ആരാധനാലയങ്ങൾ, ചെമ്മീൻ സംസ്‌കരണ ശാലകൾ തുടങ്ങിയവയിലെത്തി വോട്ടർമാരെ കണ്ടു. തുടർന്ന് മണ്ഡലതല തിരഞ്ഞെടുപ്പ് കൺവെൻഷനുകളിലും പങ്കെടുത്തു. യു.ഡി.എഫിന്റെ ഏഴ് തിരഞ്ഞെടുപ്പ് കൺവെൻഷനുകളാണ് വിവിധ ഇടങ്ങളിലായി വെള്ളിയാഴ്ച നടന്നത്.

എൽ.ഡി.എഫ്.സ്ഥാനാർഥി മനു സി.പുളിക്കൽ തുറവൂർ ഭാഗത്തുനിന്നാണ് പര്യടനം തുടങ്ങിയത്. തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന മേഖലകളിലെ ചെമ്മീൻ സംസ്‌കരണ ശാലകളിലും ആരാധനാലയങ്ങളിലുമെത്തി വോട്ടർമാരെ കണ്ടു. ഉച്ചയോടെ തൃച്ചാറ്റുകുളം, പെരുമ്പളം കവല പ്രദേശങ്ങളിലായിരുന്നു പ്രചാരണം. വൈകീട്ട് പൂച്ചാക്കൽ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം.

എൻ.ഡി.എ.സ്ഥാനാർഥി കെ.പി.പ്രകാശ് ബാബു വളമംഗലം വടേക്കുറ്റ് ക്ഷേത്രദർശനം കഴിഞ്ഞാണ് മണ്ഡല പര്യടനം ആരംഭിച്ചത്. തുറവൂർ ഭാഗത്തെ കോളനികളിലും ചെമ്മീൻ സംസ്‌കരണ ശാലകളിലുമെത്തി വോട്ടഭ്യർഥിച്ചു. തുടർന്ന് എഴുപുന്ന, കുത്തിയതോട്, കോടംതുരുത്ത്, പാണാവള്ളി ഭാഗങ്ങളിലെ കൺവെൻഷനുകളിൽ പങ്കെടുത്ത അദ്ദേഹം വിവിധ ആരാധാനാലങ്ങളിലെത്തി വോട്ടർമാരെ കണ്ടു.