മുതുകുളം: ആറാട്ടുപുഴയിൽ താറാവുകൾ കൂട്ടത്തോടെ ചാകുന്നു. വീടുകളിൽ വളർത്തുന്ന നൂറോളം താറാവുകൾ ഒരാഴ്ചയ്ക്കുള്ളിൽ ചത്തു.

മൃഗാശുപത്രിയിൽനിന്ന് കുറിച്ചുനൽകിയ മരുന്ന്‌ വാങ്ങിനൽകിയെങ്കിലും രോഗത്തെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല.

തോട്ടിൽ ഇറക്കിവിടുന്ന താറാവുകളിലാണ് രോഗം കാണുന്നത്. കരയ്ക്കുകയറാൻ കഴിയാതെ തളർന്നുകിടക്കുന്നതാണ് രോഗലക്ഷണം. ധാരാളം ആമകളും തോട്ടിലും കരയിലുമായി ചത്തുകിടക്കുന്നതായും നാട്ടുകാർ പറയുന്നു. മീനുകൾ ചാകാത്തതിനാൽ വെള്ളത്തിൽ വിഷം കലർന്നതാണോ എന്ന് സംശയിക്കാനും കഴിയുന്നില്ല.

പതിനേഴാം വാർഡ് കിഴക്കേ പാട്ടത്തിൽ ഷീബയുടെ 45 താറാവുകളിൽ രണ്ടെണ്ണം മാത്രമാണ് ശേഷിക്കുന്നത്. ചൂരപ്പറമ്പിൽ നൂർജഹാന്റെ 23-ഉം മണിവേലിൽ ബിന്ദുവിന്റെ 10-ഉം താറാവുകൾ ചത്തു. കൂടാതെ, സമീപപ്രദേശങ്ങളിലെ നിരവധി പേരുടെ താറാവുകളും ചത്തിട്ടുണ്ട്. വിവരം അറിയിച്ചെങ്കിലും ബന്ധപ്പെട്ടവർ അന്വേഷിക്കാൻ തയ്യാറായില്ലെന്ന് പരാതിയുണ്ട്.