ഹരിപ്പാട് : വെള്ളപ്പൊക്കത്തിൽ നാട്ടിലെ കൃഷിനശിച്ചെങ്കിലും പമ്പയാറിനടുത്തുള്ള ചെറുതന ആനാരി നിധീഷ് ഭവനം ദയാനന്ദന്റെ വാഴക്കൃഷി സുരക്ഷിതമാണ്. 500 മൂട് വാഴയുണ്ട്. തുലാവർഷം മുൻകൂട്ടിക്കണ്ട് ഗ്രോബാഗിലാണ് വാഴനട്ടത്.

വീട്ടിലും പരിസരത്തും വെള്ളമുയർന്നപ്പോൾ ദയാനന്ദൻ തൈവാഴകളെല്ലാം പുരപ്പുറത്തേക്കു മാറ്റി. വാഴ നട്ടിട്ടു 28 ദിവസമായി. ഒരുമാസംകൂടി പുരപ്പുറത്ത് ഗ്രോബാഗിൽ വളരും. അതുകഴിഞ്ഞ് നിലത്തിറക്കി നടാം.

പമ്പയാറിന്റെ കൈവഴിയായ പോച്ചത്തോട് വീടിനോടു ചേർന്നാണ് ഒഴുകുന്നത്. എല്ലാവർഷവും മൂന്നുംനാലും പ്രാവശ്യം വീട്ടിൽ വെള്ളംകയറും. പയറും പാവലും ചീരയുമൊക്കെ വളർത്തിയാണ് ദയാനന്ദൻ ജീവിക്കുന്നത്.

ഏത്തവാഴ നട്ടു വിളവെടുക്കാൻ എട്ടൊൻപതു മാസം വേണം. തുലാവർഷം കഴിഞ്ഞു വാഴനട്ടാൽ അടുത്ത കാലവർഷത്തിൽ കൃഷിനശിക്കും. ഇതിനു പരിഹാരമായാണ് രണ്ടുമാസം വാഴ ഗ്രോബാഗിൽ വളർത്തി പരീക്ഷിച്ചത്. നാലുവർഷം മുൻപായിരുന്നു തുടക്കം. പരീക്ഷണം വിജയിച്ചതോടെ കൂടുതൽ വാഴ നട്ടുതുടങ്ങി. ദയാനന്ദനും ഭാര്യ പ്രസന്നയും മകൻ നിധീഷും കൃഷിയിൽ സഹായിക്കുന്നു.