ആലപ്പുഴ : സി.പി.എം. ബ്രാഞ്ച് സമ്മേളനങ്ങളിൽ നഗരസഭയിലെ വനിതാ കൗൺസിലർമാർക്കെതിരേ പരോക്ഷവിമർശനം. പ്രവർത്തനമികവില്ലെന്നായിരുന്നു പ്രധാന ആരോപണം. വനിതാ കൗൺസിലർമാരെ ഒറ്റപ്പെടുത്തുന്നതിനുള്ള നീക്കമാണു നടന്നതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു..

ഇതിനിടെ തോണ്ടൻകുളങ്ങര ബി ബ്രാഞ്ച് സമ്മേളനം മത്സരത്തിലേക്കു നീങ്ങിയതോടെ നിർത്തിവെച്ചു. ഇരുവുകാട് ബ്രാഞ്ച് സമ്മേളനത്തിൽ നഗരസഭാധ്യക്ഷ സൗമ്യാരാജിനെ എൽ.സി. സമ്മേളന പ്രതിനിധിയാക്കാതിരിക്കുവാനും നീക്കം നടന്നതായി പറയുന്നു. കൊമ്മാടി വാർഡ് കൗൺസിലർ മോനിഷാ ശ്യാമിനെതിരേ പരസ്യമായി സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ട എൽ.സി. അംഗത്തിനെതിരേ ഏരിയാകമ്മിറ്റിയിൽ നൽകിയ പരാതി ചർച്ചചെയ്തില്ലെന്നും ആക്ഷേപമുണ്ട്. ഒന്നരമാസം മുൻപായിരുന്നു സംഭവം. ഇവർ ജില്ലാക്കമ്മിറ്റിയിലും സംസ്ഥാനകമ്മിറ്റിയിലുമടക്കം പരാതി നൽകിയിട്ടുണ്ട്.

ആശ്രമം വാർഡ് കൗൺസിലർ ഗോപികാ വിജയപ്രസാദിനെതിരേ പരസ്യവിചാരണയെന്ന തരത്തിലാണ് ആശ്രമം ബി ബ്രാഞ്ച് സമ്മേളനം നടന്നതെന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു.

പ്രായക്കുറവു ചുണ്ടിക്കാട്ടി പ്രവർത്തനമികവില്ലെന്നാണ് ആക്ഷേപമുണ്ടായത്. പാർട്ടിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നില്ലെന്നും പരാതി ഉയർന്നു. കൗൺസിലർക്കെതിരേ പരസ്യമായി പോസ്റ്റർ ഒട്ടിച്ചവർക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യം സമ്മേളനത്തിൽ ചർച്ചയായില്ല. സി.സി.ടി.വി. ദൃശ്യങ്ങൾ സഹിതം കൗൺസിലർ പരാതി ഉന്നയിച്ചെങ്കിലും ചർച്ചയായില്ല.

പാർട്ടിയിലെ മുതിർന്ന അംഗം നിർദേശിച്ചയാളെ ബ്രാഞ്ച് സെക്രട്ടറിയാക്കാനുള്ള ശുപാർശ കൗൺസിലറും അധ്യക്ഷനടക്കം പിന്താങ്ങി. എന്നാൽ, ഇദ്ദേഹത്തെ മാറ്റിനിർത്തി ചർച്ചചെയ്തു മത്സരമൊഴിവാക്കി.

പകരം കൗൺസലർക്കെതിരേ പോസ്റ്റർ ഒട്ടിക്കാൻ നേതൃത്വം നൽകിയയാളെ ബ്രാഞ്ച് സെക്രട്ടറിയാക്കുകയും ചെയ്തുവെന്നാണ് ആരോപണം.

കൗൺസിലർക്കെതിരേ പോസ്റ്റർ ഒട്ടിച്ചവർക്ക് മറ്റൊരുപേരിൽ അനുമോദനവും സമ്മേളനത്തിനിടെ നൽകി. ബ്രാഞ്ച് മാറണമെന്നാവശ്യപ്പെട്ടു നേരത്തേ കൗൺസിലർ കത്തുനൽകിയിരുന്നു. ഇതും പരിഗണിച്ചില്ല.