ചേർത്തല : സി.പി.എം. കഞ്ഞിക്കുഴി ഏരിയ സമ്മേളനത്തിനു വിവാദത്തോടെ തുടക്കം. ലോക്കൽ സമ്മേളനം ഏരിയാസമ്മേളന പ്രതിനിധിയായി തിരഞ്ഞെടുത്ത യുവനേതാവിനെ സമ്മേളനത്തിൽ നിന്നൊഴിവാക്കിയതാണു വിവാദമായിരിക്കുന്നത്. ബുധനാഴ്ചകൂടിയ തണ്ണീർമുക്കം ലോക്കൽകമ്മിറ്റി യോഗമാണു ബാലസംഘം സംസ്ഥാന കോ-ഓർഡിനേറ്ററും യുവജന കമ്മിഷൻ സംസ്ഥാന കോ-ഓർഡിനേറ്ററുമായ മിഥുൻഷായെ സമ്മേളനപ്രതിനിധി സ്ഥാനത്തുനിന്നു നീക്കിയത്. കഴിഞ്ഞാഴ്ചയായിരുന്നു യുവനേതാവിന്റെ വിവാഹം. വിവാഹത്തിൽ പാർട്ടിയോടിടഞ്ഞു പുറത്തുപോയവരും നടപടി നേരിട്ടവരും പങ്കെടുത്തതാണു പുറത്താക്കലിനു കാരണമെന്നാണു വിവരം. ഇക്കാര്യം കാണിച്ച് മിഥുൻഷാ ഫെയ്സ്ബുക്ക് പോസ്റ്റുമിട്ടു.

തുഷാർ വെള്ളാപ്പള്ളി പങ്കെടുത്തതും ഇതിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിവാഹം രക്ഷകർത്താക്കളുടെയും ബന്ധുക്കളുടെയും നിയന്ത്രണത്തിൽ നടന്നതാണെന്നും അവർ ക്ഷണിച്ചവർ ചടങ്ങിൽ പങ്കെടുത്തതു വിലക്കാനാകില്ലെന്ന് ഒരുവിഭാഗം വാദമുയർത്തിയെങ്കിലും വിലപ്പോയില്ല.

നടപടി പരിഷ്‌കൃതസമൂഹത്തിനു ചേർന്നതല്ലെന്നു കാട്ടി ഒരുവിഭാഗം മേൽഘടകത്തെ സമീപിച്ചിട്ടുണ്ട്. സമ്മേളനം ഐകകണ്ഠേന തിരഞ്ഞെടുത്ത പ്രതിനിധിയെ ഏതെങ്കിലും ഘടകങ്ങൾക്കു നീക്കാൻ അധികാരമില്ലെന്നും പാർട്ടിഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും വിമർശനമുയർന്നിട്ടുണ്ട്. സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രായംകുറഞ്ഞവരിൽ ഒരാളാണ് മിഥുൻഷാ. 40 വയസ്സിൽ താഴെയുള്ളവരെ ഏരിയാ കമ്മിറ്റിയിലേക്കു പരിഗണിക്കുമ്പോൾ സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന യുവനേതാവിനെ പരിഗണിക്കാതിരിക്കാനുള്ള ഒരുവിഭാഗത്തിന്റെ നീക്കമാണിതിനു പിന്നിലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

എന്നാൽ, പാർട്ടിസമ്മേളനത്തിൽ ഒരുതരത്തിലുള്ള വിവാദങ്ങളുമില്ലെന്നു നേതാക്കൾ പറഞ്ഞു. പാർട്ടി പലതീരുമാനങ്ങളുമെടുക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഒരുതരത്തിലുള്ള വിമർശനമോ പരാതിയോ ഇല്ലെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അവർ പറഞ്ഞു.

പൊതുസമ്മേളനത്തോടെ തുടക്കം

വെള്ളിയാഴ്ച അറവുകാട്ട് ആവേശകരമായ പൊതുസമ്മേളനത്തോടെയാണു സമ്മേളന നടപടികൾ തുടങ്ങിയത്. പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. വി.ജി. മോഹനൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ. നാസർ, ഏരിയ സെക്രട്ടറി എസ്. രാധാകൃഷ്ണൻ, ബി. സലിം, പി.എസ്. ഷാജി, എ.കെ. പ്രസന്നൻ തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനത്തിനു മുന്നോടിയായി ആവേശത്തിരയിളക്കി പതാക - കൊടിമര ജാഥ നടന്നു. ശനിയാഴ്ച 10.30-നു കേന്ദ്രകമ്മിറ്റിയംഗം ഡോ. തോമസ് ഐസക് പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യും.