ചാരുംമൂട് : ചുനക്കര പ്രസാദ് ഭവനത്തിൽ രാജേന്ദ്രപ്രസാദിനും കുടുംബത്തിനും സി.പി.ഐ.യുടെ കാരുണ്യത്തിൽ വീടാകുന്നു. സി.പി.ഐ.യുടെ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് വീട് നിർമിച്ചു നൽകുന്നത്.

അഞ്ചു സെന്റിൽ പ്ലാസ്റ്റിക്കും തകരവുംകൊണ്ട്‌ പണിത കെട്ടുറപ്പില്ലാത്ത ഷെഡ്ഡിലാണ് കുടുംബത്തിന്റെ താമസം. രാജേന്ദ്രപ്രസാദിന്റെ അമ്മ മണിയമ്മയും സഹോദരി സുനിതയും ബധിതരും മൂകരുമാണ്.

അഭിഭാഷകയായ കരിമുളയ്ക്കൽ കിണറുവിളയിൽ സച്ചൂസിൽ ടി.രാധയാണ് ഭർത്താവും അധ്യാപകനുമായിരുന്ന എം.രാജേന്ദ്രന്റെ സ്മരണക്കായി വീട് പണിതുനൽകുന്നത്. അഞ്ച് ലക്ഷത്തിൽപരം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സി.പി.ഐ. മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയംഗമാണ് രാധ.

സി.പി.ഐ.യുടെ സാമൂഹിക സേവന പ്രവർത്തനങ്ങുടെ ജില്ലാതല ഉദ്ഘാടനമാണ് ചുനക്കരയിൽ നടക്കുന്നത്. രാജേന്ദ്രന്റെ ചരമവാർഷികദിനമായ ചൊവ്വാഴ്ച വൈകീട്ട് നാലിന് സി.പി.ഐ. ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എം.പി. വീടിന് തറക്കല്ലിടും. സി.പി.ഐ. സംസ്ഥാന കൗൺസിലംഗം കെ.എസ്.രവി അധ്യക്ഷനാകും.