മാങ്കാംകുഴി : മനസ്സിന്റെ താളം തെറ്റിയ കുടുംബത്തിൽ വില്ലനായി മഹാമാരി. തഴക്കര ഗ്രാമപ്പഞ്ചായത്ത് കുന്നം വാർഡിൽ എരിയമ്പലത്ത് വീട്ടിലേക്കാണ് സങ്കടമായി കോവിഡ് എത്തിയത്. മാനസിക വെല്ലുവിളി നേരിടുന്നവരാണ് കുടുംബാംഗങ്ങൾ. ഇതിനിടയിലാണ് വീട്ടമ്മയായ രമണി (50) കോവിഡ് ബാധിച്ച് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചേ മരിച്ചത്. ഭർത്താവ് നാണുവും കോവിഡ് ചികിത്സയിലാണ്.

ഏഴു കൊല്ലം മുൻപ് ദയനീയ സ്ഥിതിയിൽ കഴിഞ്ഞിരുന്ന നാണുവിന്റെയും കുടുംബത്തിന്റെയും കഥ പുറംലോകമറിഞ്ഞത് ‘മാതൃഭൂമി’യിലൂടെയാണ്. തുടർന്ന് കോടതി ഇടപെട്ട് കുടുംബത്തിന് അഭയം നൽകാൻ നിർദേശം നൽകി. നാണു, ഭാര്യ രമണി, മൂന്നുമക്കൾ എന്നിവർക്കു ചികിത്സയും സംരക്ഷണവും നൽകാൻ ആലപ്പുഴ ജില്ലാ കോടതിയാണ് നിർദേശിച്ചത്.

കുടുംബത്തിന്റെ സംരക്ഷണത്തിനു ബന്ധുക്കളില്ലെന്നും വാസയോഗ്യമായ വീടില്ലെന്നും ബോധ്യമായ കോടതി നാണുവിനെയും കുടുംബത്തിനെയും തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെത്തിക്കുവാൻ നിർദേശിച്ചു. രോഗം ഭേദമായി തിരികെയെത്തിയ കുടുംബത്തിനു വീണ്ടും രോഗം പിടിപെട്ടു. പഞ്ചായത്തധികൃതർ സാമൂഹികക്ഷേമ വകുപ്പിനെ അറിയിച്ചു. പട്ടികജാതി ക്ഷേമവകുപ്പ് നൽകിയ മൂന്നര ലക്ഷം രൂപയും ബാക്കി ഒന്നരലക്ഷവും ഉപയോഗിച്ച് ഗ്രാമപ്പഞ്ചായത്ത് 2014-ൽ നാണുവിനും കുടുംബത്തിനും സുരക്ഷിത വീടൊരുക്കി നൽകി.

സാമൂഹികക്ഷേമ പെൻഷനാണ് കുടുംബത്തിന്റെ വരുമാനം. പ്ലസ് ടു പഠനം പൂർത്തിയാക്കിയവരാണ് രണ്ടു പെൺകുട്ടികൾ. ഇളയ ആൺകുട്ടി പേരൂർക്കടയിലെ ചികിത്സയ്ക്കുശേഷം പ്ലസ് വണിനു ചേർന്നത് കഴിഞ്ഞയാഴ്ചയിലാണ്. ഈ കുടുംബത്തിന്റെ രക്ഷയ്ക്കായി സുമനസ്സുകൾ എത്തുമെന്ന പ്രതീക്ഷയിലാണ് ഏവരും.