ആലപ്പുഴ: ജില്ലയിൽ ഒരാൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് എല്ലാ പ്രതിരോധ സജ്ജീകരണങ്ങളും ജില്ലയിൽ ഒരുക്കി. ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ നേതൃത്വത്തിൽ മന്ത്രിമാരായ ജി.സുധാകരൻ, പി.തിലോത്തമൻ, ദേശീയാരോഗ്യ ദൗത്യം കേരള മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, കളക്ടർ എം.അഞ്ജന എന്നിവരുടെ സാന്നിധ്യത്തിൽ കളക്ടറേറ്റിൽ അവലോകനയോഗം നടത്തി.

സാമ്പിൾ പരിശോധന ഇനി ആലപ്പുഴയിൽ

ആലപ്പുഴ മെഡിക്കൽ കോളേജിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സാമ്പിൾ പരിശോധനയ്ക്കുള്ള സംവിധാനമായെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ഡോ. സുഗുണന്റെ നേതൃത്വത്തിൽ പരിശോധന തിങ്കളാഴ്ച തുടങ്ങും. ഇതുവരെ പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു പരിശോധന നടത്തിയിരുന്നത്. ഇത് ആലപ്പുഴയിലേക്ക് മാറ്റുന്നതോടെ പരിശോധനാഫലം ലഭിക്കുന്നതിൽ കാലതാമസം ഒഴിവാക്കാൻ പറ്റുമെന്ന്‌ മന്ത്രി പറഞ്ഞു.

കൺട്രോൾ റൂം കളക്ടറേറ്റിൽ

ജില്ലയിലെ മെഡിക്കൽ കൺട്രോൾ റൂം കളക്ടറേറ്റിലേക്ക് മാറ്റി. ഇത് കൂടുതൽ ശക്തിപ്പെടുത്തും. ജില്ലാ മെഡിക്കൽ ഓഫീസിൽ ആയിരുന്നു കൺട്രോൾ റൂം പ്രവർത്തിച്ചിരുന്നത്. ജില്ലാ മെഡിക്കൽ ഓഫീസറും ആരോഗ്യ മേഖലയിലെ ജീവനക്കാരും മെഡിക്കൽ കോളേജ് അധികൃതരും കളക്ടറേറ്റിലെ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും.

ദേശീയാരോഗ്യദൗത്യം കേരള മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ ജില്ലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കും. കളക്ടർ എം.അഞ്ജന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

കൂടുതൽ ഐസൊലേഷൻ വാർഡുകൾ

സ്വകാര്യ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ ക്രമീകരിക്കാൻ മന്ത്രി നിർദേശം നൽകി. ജില്ലയിൽ മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലുമാണ് ഇപ്പോൾ ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചിരിക്കുന്നത്.

ആവശ്യമെങ്കിൽ താലൂക്ക് ആശുപത്രികളിലും ഐസൊലേഷൻ ബെഡ് ക്രമീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മെഡിക്കൽ കോളേജിലെ മറ്റൊരുഭാഗത്തുകൂടി സജ്ജീകരണങ്ങൾ ഒരുക്കി കൂടുതൽ ഐസൊലേഷൻ വാർഡുകൾ ഒരുക്കും.

എല്ലാ വിഭാഗം ഉദ്യോഗസ്ഥരും ദിവസവും വൈകീട്ട് ആറിന് കളക്ടറേറ്റിൽ ചേർന്ന് സ്ഥിതിഗതികൾ അവലോകനം ചെയ്യും.

ജില്ലാ പോലീസ് മേധാവിയുടെ ചുമതല വഹിക്കുന്ന ബി.കൃഷ്ണകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ.അനിതകുമാരി, ജില്ലയിലെ ആരോഗ്യവകുപ്പിലെയും മറ്റ്‌ വകുപ്പുകളിലെയും ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.