ആലപ്പുഴ: കയർ കേരളയിലെ പവിലിയനുകളിൽ നിറയുന്നത് ഉത്പന്നങ്ങളുടെ വേറിട്ട കാഴ്ച തന്നെയാണ്. ഉത്പന്നങ്ങൾ കാണുന്നതിനും ആവശ്യക്കാർക്ക് വാങ്ങുന്നതിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

കയർഫെഡിന്റെ റബ്ബറൈസ്ഡ് കയർ ഉത്പന്നങ്ങൾക്കാണ് ഏറെ ശ്രദ്ധനേടുന്നത്. 50 ശതമാനം ഓഫറുകളാണ് മെത്തകൾക്ക് ഒരുക്കിയിരിക്കുന്നത്. മറ്റ് കയർ ഉത്പന്നങ്ങൾക്ക് 20-25 ശതമാനം വരെ വിലക്കിഴിവുണ്ട്. ചവിട്ടികൾക്ക് 80 ശതമാനം വിലക്കിഴിവ് ഏർപ്പെടുത്തിയിരിക്കുന്നു.

പുസ്തക-ഭക്ഷണശാലകളും മേളയിലുണ്ട്. ഫിഷറീസ് വകുപ്പിന്റെ തീരമൈത്രി പദ്ധിയുടെ ഭാഗമായുള്ള വിവിധ മത്സ്യ ഉത്പന്നങ്ങൾ, മിൽമയുടെ ഉത്പന്നങ്ങൾ, ചിരട്ട കൊണ്ടുള്ള ഉത്പന്നങ്ങൾ, ആറന്മുള കണ്ണാടി, സ്ത്രീകൾക്കായി ജൂട്ട് കൊണ്ടുള്ള ബാഗ്, ചെരുപ്പുകൾ, പഴ്സുകൾ തുടങ്ങിയവയും വിലക്കുറവിൽ മേളയിൽ ലഭ്യമാണ്.

വേറിട്ട കളിമൺപാത്ര നിർമാണ ശൈലിയുമായി അനസ്വരം മൺപാത്രങ്ങളും മേളയിലുണ്ട്. പരന്പരാഗത കളിമൺ തൊഴിൽചെയ്യുന്ന അമ്പതിലധികം കുടുംബങ്ങൾ നിലമ്പൂരിൽ നിർമിച്ച ഉത്‌പന്നങ്ങൾ ഏറെ ശ്രദ്ധ നേടുന്നു. ഗ്യാസിലും മൈക്രോവേവിലും ഉപയോഗിക്കാൻ പറ്റുന്നതരം കറിച്ചട്ടികൾ, ഗ്ലാസുകൾ, ചീനച്ചട്ടികൾ, ഫ്രയിങ്‌ പാൻ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.