ഹരിപ്പാട്: കരുവാറ്റ ഗണപതിയാകുളങ്ങര ലെവൽക്രോസ് താത്കാലികമായി അടയ്ക്കുന്നതോടെ ദേശീയപാതയിൽനിന്നും ആയാപറമ്പ് വഴിയുള്ള ഗതാഗതം തടസ്സപ്പെടും. പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ഈ മാസം ഇരുപത്തിയഞ്ചോടെ ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിടാനാണ് റെയിൽവേ ആലോചിക്കുന്നത്. ഡിസംബർ 31-ന് പുതിയ പാതയിലൂടെ തീവണ്ടി ഓടിക്കാനാണ് തീരുമാനം. ഇതിനായി നിലവിലെ റോഡിന്റെ ഭാഗത്ത് തീവണ്ടിപ്പാളം ഉറപ്പിക്കേണ്ടതുണ്ട്. ഇതിനായാണ് ലെവൽക്രോസ് അടയ്ക്കുന്നത്.

ആയാപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് പ്രധാനമായും ബുദ്ധിമുട്ടുന്നത്. കരുവാറ്റ ഭാഗത്തുനിന്നുള്ളവർ കിലോമീറ്ററുകളോളം ചുറ്റിക്കറങ്ങി വേണം സ്കൂളിലെത്താൻ. സ്കൂളിൽനിന്ന്‌ ദേശീയപാതയിലെത്താൻ കഷ്ടിച്ച് ഒന്നരക്കിലോമീറ്റർ ദൂരം മാത്രമാണുള്ളത്. ഈ സ്ഥാനത്താണ് ഏറെ ദൂരം യാത്രചെയ്യേണ്ടിവരുന്നത്. ദേശീയപാതയിൽനിന്ന്‌ ആയാപറമ്പ് ഭാഗത്തേക്കുള്ള യാത്രക്കാർ ദീപ ആശുപത്രി ജങ്ഷനിൽനിന്ന്‌ കിഴക്കോട്ടുള്ള വഴിയിലൂടെ ചെറുതനയിലെ ചക്കൂരേത്ത് ജങ്ഷനിലെത്തണം. തുടർന്ന്, ആയാപറമ്പിലെ ലെവൽക്രോസ് വഴിവേണം പോകാൻ. വീതികുറഞ്ഞ ഈ റോഡിൽ ഗതാഗത തടസ്സത്തിന് സാധ്യതയേറെയാണ്.

ടി.ബി.ജങ്ഷനിൽനിന്ന്‌ കൊപ്പാറക്കടവിലെയും ചെറുതന കടവിലെയും പാലങ്ങൾ കടന്നും ആയാപറമ്പ് ഭാഗത്ത് എത്തിച്ചേരാം. രണ്ടുവഴിയും ഏറെ ചുറ്റിക്കറങ്ങിയുള്ളതാണ്. സൈക്കിളിൽ സ്കൂളിലെത്തുന്ന കുട്ടികൾക്ക് അഞ്ചുകിലോമീറ്ററിലധികം യാത്രചെയ്യേണ്ട സാഹചര്യമുണ്ടാകും.

ഗണപതിയാകുളങ്ങര ലെവൽക്രോസിന്റെ കിഴക്കുഭാഗത്ത് റെയിൽവേ സമാന്തര റോഡ് ഒരുക്കിയിട്ടുണ്ട്. എന്നാൽ, പടിഞ്ഞാറുനിന്നുള്ള വാഹനങ്ങൾക്ക് ഈ സൗകര്യമില്ല. ഫലത്തിൽ ദേശീയപാതയിൽനിന്നുതന്നെ ഇതുവഴിയുള്ള വാഹനങ്ങൾ വഴിതിരിച്ചുവിടേണ്ടിവരും.

പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണ് ഗണപതിയാകുളങ്ങര വഴിയുള്ളത്. മുന്നൊരുക്കമില്ലാതെയാണ് ഇവിടെ റെയിൽവേ റോഡ് അടയ്ക്കുന്നതെന്ന് ആക്ഷേപമുണ്ട്.

നാലുമാസത്തേക്ക് റോഡ് അടച്ചിടുമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. എന്നാൽ, പണി പൂർത്തിയാകാൻ അതിലും കാലതാമസമുണ്ടാകുമെന്നാണ് നാട്ടുകാരുടെ പരാതി. ഹരിപ്പാട്-അമ്പലപ്പുഴ ഇരട്ടപ്പാതയുടെ നിർമാണം തുടങ്ങിയിട്ട് മൂന്നുവർഷത്തിലധികമായി. ഇതിനോടകം പലയിടങ്ങളിലും ലെവൽക്രോസുകൾ അടച്ചിട്ടിരിക്കുകയാണ്. പരമാവധി ആറുമാസം കാലപരിധി പറഞ്ഞ്‌ അടച്ചിട്ടിട്ട് ഒരുവർഷത്തിലധികമായ സ്ഥലങ്ങളുമുണ്ട്.

ഹരിപ്പാട്ടെ ആറാട്ടുവഴിയിൽ തടസ്സമുണ്ടാകുമെന്ന് ആശങ്ക

ഗണപതിയാകുളങ്ങര ലെവൽക്രോസിൽ ഇനി അടിപ്പാതയാണുണ്ടാവുക. ഇതിനാൽ വാഹനങ്ങൾ തീവണ്ടിപ്പാതയുടെ അടിയിലൂടെ കടന്നുപോകണം. എന്നാൽ, ഇവിടെ കാര്യമായ ഉയരമില്ലാതെയാണ് അടിപ്പാത നിർമിക്കുന്നത്. നാഷണൽ പെർമിറ്റ് ലോറികൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കടന്നുപോകാൻ ബുദ്ധിമുട്ടാണ്.

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആറാട്ടുഘോഷയാത്ര കരുവാറ്റക്കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽനിന്ന്‌ ഗണപതിയാകുളങ്ങര വഴിയാണ് മടങ്ങുന്നത്. ആനപ്പുറത്താണ് എഴുന്നള്ളത്ത്. തലയെടുപ്പുള്ള ആനകളെയാണ് ഹരിപ്പാട്ടെ ആറാട്ടിന് എഴുന്നള്ളിക്കുന്നത്. എഴുന്നള്ളത്ത് ബിംബം താഴെയിറക്കിയാലേ ആനകൾക്ക് ഇതുവഴി കടന്നുപോകാൻ കഴിയുകയുള്ളൂ. ആചാരപ്രകാരം ഇത് തെറ്റാണെന്ന് ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികൾ പറയുന്നു.

ഗണപതിയാകുളങ്ങരയിലെ അടിപ്പാതയ്ക്ക് ആവശ്യമായ ഉയരം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് റെയിൽവേ അധികൃതർക്ക് നിവേദനം നൽകുമെന്നും ഉപദേശകസമിതി പ്രസിഡന്റ് ജി.എസ്.ബൈജു, സെക്രട്ടറി ഹനുചന്ദ്രൻ എന്നിവർ പറഞ്ഞു.