ഹരിപ്പാട്: സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ സ്വർണക്കൊടിമരം വൃത്തിയാക്കുന്നു. വെള്ളിയാഴ്ച തന്ത്രി പടിഞ്ഞാറെ പുല്ലാംവഴി ദേവൻ കൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ അനുജ്ഞാ കലശം നടത്തി. തുടർന്ന്, കൊടിമരത്തിന് ചുറ്റും പന്തൽ കെട്ടിത്തുടങ്ങി.

ദേവസ്വംബോർഡ് ക്ഷേത്രങ്ങളിലെ സ്വർണക്കൊടിമരം വൃത്തിയാക്കുന്ന പതിവില്ല. എന്നാൽ, ഹരിപ്പാട്ടെ കൊടിമരത്തിൽ അസാധാരണമായ വിധത്തിൽ കറുപ്പുനിറം കലർന്ന നിലയിലാണ്. വർഷങ്ങൾക്കുമുൻപ് ഈ ക്ഷേത്ര സങ്കേതത്തിൽവച്ച് മറ്റൊരു ക്ഷേത്രത്തിലെ കൊടിമരത്തിന്‌ സ്വർണം പൂശിയിരുന്നു. ഇതേത്തുടർന്നുണ്ടായ മെർക്കുറി പുക ഹരിപ്പാട്ടെ കൊടിമരത്തിൽ പറ്റിപ്പിടിച്ചു. ഇങ്ങനെയാണ് കൊടിമരത്തിൽ കറുത്തനിറം പടരുന്നത്.

കൊടിമരം വൃത്തിയാക്കണമെന്ന് ഭക്തജനങ്ങൾ വർഷങ്ങളായി ആവശ്യപ്പെടുകയാണ്. എന്നാൽ, സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ദേവസ്വംബോർഡ് അനുമതി നൽകിയിരുന്നില്ല. സോപ്പുങ്കായ് എന്നറിയപ്പെടുന്ന മരത്തിന്റെ കായ്, വാളൻപുളി എന്നിവ ചേർത്തുണ്ടാക്കുന്ന വെള്ളം ഉപയോഗിച്ചാണ് കൊടിമരം വൃത്തിയാക്കുന്നത്. പ്രകൃതിദത്തവസ്തുക്കൾ മാത്രമേ ഉപയോഗിക്കുകയുള്ളു.

bbതിരുവിതാംകൂറിലെ ഏറ്റവും വലിയ കൊടിമരംbb

: തിരുവിതാംകൂർ ദേവസ്വംബോർഡ് ക്ഷേത്രങ്ങളിലെ ഏറ്റവും ഉയരമുള്ള കൊടിമരമാണ് ഹരിപ്പാട്ടേത്. 28 കോൽ 18 അംഗുലമാണ് ഉയരം. 1127 മീനം 13(1952 മാർച്ച് 26)നാണ് ഹരിപ്പാട്ട് ഇപ്പോഴുള്ള കൊടിമരം പ്രതിഷ്ഠിച്ചത്.

ഹരിപ്പാട്ടെ പഴയക്ഷേത്രം മലയാളവർഷം 1096-ൽ അഗ്നിക്കിരയായിരുന്നു. തീപടരുന്നതിനിടെ അന്നത്തെ സ്വർണക്കൊടിമരം ഭക്തജനങ്ങൾ അറുത്തുമാറ്റിയാണ് രക്ഷപ്പെടുത്തിയത്. ആ കൊടിമരം പിന്നീട് പുതുക്കി പ്രതിഷ്ഠിക്കുകയായിരുന്നു. അഗ്നിക്കിരയായ ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ നടന്നത് മലയാളവർഷം 1101 ലാണ്. 1127-ലെ കൊടിമരപ്രതിഷ്ഠയുടെ ചിത്രം തന്ത്രികുടുംബമായ കിഴക്കേ പുല്ലാംവഴിയിൽ സൂക്ഷിച്ചിട്ടുണ്ട്. ക്ഷേത്രനടയിൽ വലിയ പന്തൽകെട്ടി കൊടിമരം ഉയർത്തുന്ന ചിത്രമാണിത്.