ചെട്ടികുളങ്ങര: സഹപാഠികള്‍ പുത്തനുടുപ്പും പുതിയ പുസ്തകങ്ങളുമായി സന്തോഷത്തോടെ സ്കൂളിലേക്ക് പോയപ്പോള്‍ അഭിനവ് ആശുപത്രിക്കിടക്കയില്‍ വേദനയോട് മല്ലിടുകയായിരുന്നു.
കാക്കനാട് ഹോളിമേരി സ്കൂളിലെ അഞ്ചാം ക്ലാസിലിരിക്കേണ്ട അഭിനവിന് ഇക്കുറി സ്കൂളില്‍ പോകാന്‍ കഴിഞ്ഞില്ല. ചെട്ടികുളങ്ങര ഈരേഴ തെക്ക് മഠത്തില്‍ പറമ്പില്‍ വി.എം.ഹരിദാസിന്റെ മകനാണ് പത്തുവയസ്സുകാരനായ അഭിനവ്.
ശൈശവത്തിലേ അര്‍ബുദം ബാധിച്ച അഭിനവ് ഒന്‍പതുവര്‍ഷമായി തിരുവനന്തപുരം ആര്.സി.സി.യില്‍ ചികിത്സയിലായിരുന്നു. രണ്ടുമാസം മുന്‍പ് നടത്തിയ രക്തപരിശോധനയില്‍ അര്‍ബുദം മജ്ജയിലേക്ക് വ്യാപിച്ചതായി കണ്ടെത്തി. ഇപ്പോള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോ. വി.പി.ഗംഗാധരന്റെ ചികിത്സയിലാണ്.
ഇതിനകം റേഡിയേഷനും കീമോയും കഴിഞ്ഞു. 18 ലക്ഷത്തിലധികം രൂപ ഇതിനകം അഭിനവിന്റെ ചികിത്സയ്ക്കായി ചെലവായി. മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി അഭിനവിനെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 25 ലക്ഷം രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്.
അച്ഛന് ഹരിദാസിന്റെ പേരില്‍ കായംകുളത്തുണ്ടായിരുന്ന വസ്തുവിറ്റാണ് ഇതുവരെ ചികിത്സനടത്തിയത്. ചെട്ടികുളങ്ങര ശ്രീദേവീവിലാസം ഹിന്ദുമത കണ്‍വെന്‍ഷനില്‍നിന്നും അഭിനവ് പഠിച്ച സ്കൂളില്‍നിന്നുമുള്ള സഹായങ്ങളും കൈത്താങ്ങായി.
ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ കഞ്ഞിവിളമ്പുന്ന ജോലിയാണ് ഹരിദാസിന്. ഹരിദാസിന്റെ അമ്മ ഓമനയമ്മ വര്‍ഷങ്ങളായി ക്ഷേത്രത്തില്‍ അന്നദാനവഴിപാട് തയ്യാറാക്കുന്നു.
ഇവിടെനിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് കുടുംബത്തെ മുന്നോട്ട് കൊണ്ടുപോയിരുന്നത്. അഭിനവിന്റെ ചികിത്സയ്ക്ക് സുമനസ്സുകളുടെ സഹായമഭ്യര്‍ഥിച്ച് നാട്ടുകാര്‍ ഹരിദാസിന്റെ പേരില്‍ എസ്.ബി.ഐ. ചെട്ടികുളങ്ങര ശാഖയില്‍ 67200347834 നമ്പരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.എസ്. കോഡ് SBIN 0070934.
ഹരിദാസിന്റെ ഫോണ്‍ നമ്പര്‍: 9746616039.
Content Highlights: Chettikulangara abhinav cancer