ചെങ്ങന്നൂർ: ജമീന മാത്യു വോട്ടുചെയ്തു; മിന്നുകെട്ടിനുമുൻപ്. ടിനോ തോമസും അഭിജിത്തും മിന്നുകെട്ടിനുപിന്നാലെ ബൂത്തിലെത്തി, ജീവിതപങ്കാളികളുടെ കൈപിടിച്ച്. വോട്ടുദിനത്തിൽ പുതുജീവിതത്തിലേക്ക് കാലൂന്നിയ ഇവരായിരുന്നു ഉപതിരഞ്ഞെടുപ്പിലെ വോട്ടർമാരിൽ താരങ്ങളായത്.

ഡൽഹിയിൽ നഴ്‌സായ ജമീന മാത്യു വധുവായി അണിഞ്ഞൊരുങ്ങി തിങ്കളാഴ്ച അതിരാവിലെ കല്ലിശ്ശേരി വി.എച്ച്.എസ്.എസിലെ ബൂത്തിലെത്തി. വോട്ടുചെയ്യാൻ നിരയിൽ നിന്നവർ മാറിക്കൊടുത്തു. വേഗം വോട്ടുചെയ്ത് ജമീന കാറിൽ കയറി. കോട്ടയം പുന്നത്തറ സെന്റ് തോമസ് കത്തോലിക്ക പള്ളിയിൽ രാവിലെ 11.30-നായിരുന്നു ജമീനയുടെ വിവാഹം. കൊങ്ങാണ്ടൂർ സ്വദേശി ബിപിൻ സെബാസ്റ്റ്യനായിരുന്നു വരൻ. അമ്മ ലിസിയും ഇളയ സഹോദരി ജെൽറ്റയും വോട്ടുചെയ്യാനുണ്ടായിരുന്നു.

കല്ലിശ്ശേരി വി.എച്ച്.എസ്.എസിൽ തിങ്കളാഴ്ച ഉച്ചയ്ക്കുശേഷവും കല്യാണവോട്ടുണ്ടായിരുന്നു. കല്ലിശ്ശേരി എട്ടൊന്നിൽ ടിനോ തോമസാണ്, വധു കോട്ടയം അയർക്കുന്നം കരുമാങ്കിൽ ജാസ്മിൻ ബാബുവിന്റെ കൈപിടിച്ച് ബൂത്തിലെത്തിയത്. ഉമയാറ്റുകര ഓർത്തഡോക്‌സ് പള്ളിയിലായിരുന്നു വിവാഹം.

തിരുവൻവണ്ടൂർ കിഴക്കേമാലിൽ അഭിജിത്ത്, വധു കുറ്റൂർ തെങ്ങേലി സ്വദേശി സുമിതയ്‌ക്കൊപ്പം വോട്ടുചെയ്യാൻ വന്നത് തിരുവൻവണ്ടൂരിലെ യു.പി. സ്‌കൂൾ ബൂത്തിലാണ്. രാവിലെ മാടവന മലങ്കര കത്തോലിക്കാ പള്ളിയിലായിരുന്നു വിവാഹം. ബന്ധുക്കൾ പള്ളിയിൽ കാത്തുനിൽക്കുമ്പോഴായിരുന്നു ഇരുവരും ബൂത്തിൽ ഓടിയെത്തിയത്.