ചാരുംമൂട് : നൂറനാട് ഇടക്കുന്നം 306-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖായോഗത്തിന്റെ ഗുരുമന്ദിരം ആക്രമണം നടത്തിയ സംഭവത്തിൽ ബന്ധമില്ലെന്ന് മുൻ ശാഖാ സെക്രട്ടറി മുരളീധരൻ.

തനിക്കെതിരേ കേസ് കെട്ടിച്ചമച്ചിരിക്കുന്നതിന്‌ പിന്നിൽ രാഷ്ട്രീയലക്ഷ്യമാണ്. ഇതിനായി ചിലർ ഗൂഢാലോചന നടത്തിയിട്ടുണ്ട്. കേസിൽ അറസ്റ്റിലായ ഹരിക്ക്‌ പണം നൽകിയാണ് തന്റെ പേര് പോലീസിനോട് പറയിച്ചിട്ടുള്ളത്. അതിനാലാണ് പോലീസ് തന്നെ ചോദ്യംചെയ്തതെന്നും മുരളീധരൻ പറഞ്ഞു.

സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും ഉയർന്ന പോലീസ്‌ ഉദ്യോഗസ്ഥർക്ക് പരാതി നൽകാനുമാണ് തീരുമാനം. എസ്.എൻ.ഡി.പി. ശാഖയിൽ അവിശ്വാസം കൊണ്ടുവരുന്നതിൽനിന്ന്‌ ശ്രദ്ധതിരിക്കാനാണ് ആക്രമണം ആസൂത്രണംചെയ്തതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, എസ്.എൻ.ഡി.പി. ബൈലോ അനുസരിച്ച് അംഗങ്ങൾ രാജിവെക്കുകയാണ് ചെയ്യുന്നതെന്നും മുരളീധരൻ പറഞ്ഞു.

പരാതി നൽകി

ചാരുംമൂട് : ഇടക്കുന്നം എസ്.എൻ.ഡി.പി. ശാഖായോഗത്തിന്റെ മുൻ ശാഖാ സെക്രട്ടറി മുരളീധരനെ ചിലർ കുടുക്കാൻ ശ്രമിക്കുകയാണെന്നുകാട്ടി ഹ്യൂമൻ‍റൈറ്റ്‌സ് പ്രൊട്ടക്ഷൻ മിഷൻ നൂറനാട് കൺവീനർ അമ്പിളി നൂറനാട് പോലീസിൽ പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിക്ക്‌ മുരളീധരനോട് വൈരാഗ്യമുണ്ടായിരുന്നതായും ഇയാളുടെയും മറ്റുചില വ്യക്തികളുടെയും ഫോൺ സംഭാഷണങ്ങൾ പരിശോധിക്കണമെന്നും പരാതിയിൽ പറയുന്നു.