ചാരുംമൂട് : നൂറനാട് പഞ്ചായത്തിലെ ഇടക്കുന്നം, പുതുപ്പള്ളിക്കുന്നം മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷം. തെരുവുനായ്ക്കൾ കൂട്ടംചേർന്ന് വളർത്തുമൃഗങ്ങളെയും മനുഷ്യരെയും ആക്രമിക്കാൻ തുടങ്ങി.

കൂട്ടമായി എത്തുന്ന നായ്ക്കൂട്ടം ബൈക്ക് യാത്രക്കാർക്കുൾപ്പെടെ ഭീഷണിയാണ്. പ്രദേശത്തെ കോഴികളെ കടിച്ചുകൊന്ന തെരുവുനായ്ക്കൾ, ഇപ്പോൾ ആടുകളെയും കുട്ടികളെയും ആക്രമിക്കാൻ തുടങ്ങി. ഇടക്കുന്നം മുള്ളംകുറ്റിയിൽ സുരേഷിന്റെ വീട്ടിലെ രണ്ട് ആടുകളെ കഴിഞ്ഞദിവസം നായ്ക്കൂട്ടം ആക്രമിച്ച്‌ മാരകമായി മുറിവേൽപ്പിച്ചു.

മുള്ളംകുറ്റിയിൽ കിഴക്കതിൽ സതീഷ്‌കുമാറിന്റെ എട്ടുവയസ്സുള്ള മകൻ ശ്രീറാമിനെ തെരുവുനായ്ക്കൾ ആക്രമിക്കാൻ ഓടിച്ചു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് രക്ഷിച്ചത്. അക്രമകാരികളായ നായ്ക്കളുടെ ശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.