കായംകുളം: കായംകുളം കായലിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റ പത്താം മത്സരത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ( 4:39.76 മിനിറ്റ്) ജേതാക്കളായി. നടുഭാഗത്തിന്റെ ഒമ്പതാം ജയമാണിത്. യു.ബി.സി. കൈനകരി തുഴഞ്ഞ ചമ്പക്കുളം (5: 17.17മിനിറ്റ്), പോലീസ് ബോട്ട് ക്ലബ്ബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ (5: 17.60മിനിറ്റ്) എന്നിവയെ വള്ളപ്പാടുകൾക്ക് പിന്നിലാക്കിയാണ് നടുഭാഗം ജേതാക്കളായത്. ചമ്പക്കുളം രണ്ടാംസ്ഥാനത്തും കാരിച്ചാൽ മൂന്നാംസ്ഥാനത്തുമെത്തി.

ഹീറ്റ്‌സിലും ഫൈനൽ മത്സരങ്ങളിലുമായി ഏറ്റവും മികച്ച സമയം (4:26.90 മിനിറ്റ്) കുറിച്ച നടുഭാഗം ചുണ്ടന് ബോണസായി അഞ്ച് പോയിൻറും ലഭിച്ചു. പത്ത് മത്സരങ്ങൾ പിന്നിടുമ്പോൾ നടുഭാഗം ചുണ്ടൻ 143 പോയിൻറുമായി ഒന്നാംസ്ഥാനത്താണ്.

കാരിച്ചാൽ ചുണ്ടൻ 70 പോയിൻറുമായി രണ്ടാംസ്ഥാനത്തും ചമ്പക്കുളം ചുണ്ടൻ 63 പോയിൻറുമായി മൂന്നാംസ്ഥാനത്തുമാണ്. ദേവസ് ചുണ്ടൻ (് 62 പോയിൻറ്) ഗബ്രിയേൽ (്51 പോയിന്റ്) വീയപുരം (44പോയിന്റ്) എന്നിവയാണ് യഥാക്രമം നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിലുള്ളത്. പായിപ്പാടൻ (്30പോയിന്റ്), മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ (24 പോയിന്റ്) സെയ്‌ൻറ് ജോർജ് (22 പോയിൻറ്) എന്നിവയാണ് പിന്നിൽ.

യൂണിഫോമിൽ പിഴവുവരുത്തിയതിന് ഗബ്രിയേൽ ചുണ്ടന് ഹീറ്റ്‌സിൽ ഫിനിഷ് ചെയ്ത സമയത്തിൽ അഞ്ച് സെക്കന്റിന്റെ അധികം ചുമത്താൻ സി.ബി.എൽ. കമ്മിറ്റി തീരുമാനമെടുത്തു.

ഒന്നാം ലൂസേഴ്‌സ് ഫൈനലിൽ ട്രാക്ക് തെറ്റിച്ചതിന് പായിപ്പാടനും അഞ്ച് സെക്കൻറ് അധികം പിഴ ചുമത്തി. ധനമന്ത്രി ഡോ. ടി .എം.തോമസ് ഐസക് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. യു.പ്രതിഭ എം.എൽ.എ. അധ്യക്ഷയായി. എ.എം.ആരിഫ് എം.പി, ടൂറിസം അഡീഷണൽ ഡയറക്ടർ കൃഷ്ണ തേജ, മുൻ എം.എൽ.എ. സി.കെ.സദാശിവൻ, ജർമനിയുടെ ദേശീയ ഫുട്‌ബോൾ താരം പാട്രിക് ഒവോമോയേല, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

വിവിധ മത്സരങ്ങളിലെ പോയിൻറ് നിലയിൽ ഒന്നാമതെത്തുന്ന ടീമിന് 25 ലക്ഷം രൂപയാണ് സമ്മാനം. രണ്ടും മൂന്നുംസ്ഥാനക്കാർക്ക് യഥാക്രമം 15ലക്ഷം, 10 ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും. നവംബർ 16ന് കൊല്ലം കല്ലട, നവംബർ 23ന് പ്രസിഡൻറ്സ് ട്രോഫി വള്ളംകളി, കൊല്ലം എന്നിങ്ങനെയാണ് ശേഷിക്കുന്ന മത്സരങ്ങൾ.