ചക്കുളത്തുകാവ്: നാടുംനഗരവും യജ്ഞശാലയായി മാറുന്ന നിമിഷത്തിൽ ചക്കുളത്തുകാവിലമ്മയുടെ അനുഗ്രഹംതേടി ആയിരങ്ങൾ ചൊവ്വാഴ്ച പൊങ്കാല അർപ്പിക്കും. ഞായറാഴ്ചമുതൽ തലയിൽ മൺകലങ്ങളും ചൂട്ടുകെട്ടുമായി ക്ഷേത്രത്തിലേക്ക് സ്ത്രീകൾ അണമുറിയാതെ ഒഴുകിയെത്തുകയാണ്. ക്ഷേത്ര പരിസരങ്ങളിലും സമീപപ്രദേശങ്ങളിലെ പ്രധാനവീഥികളിലും പൊങ്കാലയ്‌ക്കെത്തിയവർ ഇടംപിടിച്ചു കഴിഞ്ഞു.
തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം വൻ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. കേരളത്തിനകത്തും പുറത്തുനിന്നുമായി 15 ലക്ഷത്തോളം ഭക്തരാണ് ഇക്കുറി പൊങ്കാലയിടാനെത്തുകയെന്ന് കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി പറഞ്ഞു. അതിവിപുലമായ സുരക്ഷാക്രമീകരണങ്ങളാണ് പൊങ്കാലയ്‌ക്കെത്തുന്നവർക്കായി ഏർപ്പെടുത്തിയിട്ടുളളത്.
പുലർച്ചേ നാലിന് ഗണപതിഹോമവും നിർമാല്യദർശനവും. 8.30-ന് വിളിച്ചുചൊല്ലി പ്രാർഥന. ഒൻപതിന് ക്ഷേത്രകാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ നടത്തുന്ന ആധ്യാത്മികസംഗമം മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. പൊങ്കാലയുടെ ഉദ്ഘാടനം ഹിന്ദു മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ നിർവഹിക്കും. ദേവസ്വം കമ്മിഷണർ ഹർഷൻ മുഖ്യാഥിതിയും. തുടർന്ന്, മണിക്കുട്ടൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ദേവിയെ ക്ഷേത്ര ശ്രീകോവിലിൽനിന്ന് എഴുന്നുള്ളിച്ച് പണ്ടാരപ്പൊങ്കാല അടുപ്പിന് സമീപമെത്തിക്കും. പണ്ടാര അടുപ്പിലേക്ക് രാധാകൃഷ്ണൻ നമ്പൂതിരി അഗ്നിപകരും. 11-ന് 500-ൽ അധികം വേദപണ്ഡിതൻമാരുടെ കാർമികത്വത്തിൽ ദേവിയെ 41 ജീവതകളിലായി എഴുന്നുള്ളിച്ച് ഭക്തർ തയ്യാറാക്കിയ പൊങ്കാല നേദിക്കും. ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടത്തും.
വൈകീട്ട് 5.30-ന് നടത്തുന്ന സാംസ്‌കാരിക സമ്മേളനം സജി ചെറിയാൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഡോ. സി.വി.ആനന്ദബോസ് കാർത്തികസ്തംഭത്തിൽ അഗ്നിപകരും. ചടങ്ങുകൾക്ക് ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, അഡ്മിനിസ്ട്രേറ്റർ അഡ്വ. കെ.കെ.ഗോപാലകൃഷ്ണൻ നായർ, രമേശ് ഇളമൺ നമ്പൂതിരി, ഹരിക്കുട്ടൻ നമ്പൂതിരി, പി.ആർ.ഒ. സുരേഷ് കാവുംഭാഗം, ഉത്സവ കമ്മിറ്റി പ്രസിഡന്റ് കെ.സതീശ്കുമാർ, സെക്രട്ടറി സന്തോഷ് ഗോകുലം, അജിത്ത്കുമാർ പിഷാരത്ത് എന്നിവർ നേതൃത്വംനൽകും.