തുറവൂർ: വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർഥിച്ചും സ്വീകരണങ്ങൾ ഏറ്റുവാങ്ങിയുമായിരുന്നു സ്ഥാനാർഥികളുടെ ശനിയാഴ്ചത്തെ പര്യടനം. യു.ഡി.എഫ്. സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ രാവിലെ അരൂരിൽനിന്നാണ് പ്രചാരണം ആരംഭിച്ചത്.

അരൂരിലെ വ്യവസായ സ്ഥാപനങ്ങൾ, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ, പീലിങ് ഷെഡുകൾ തുടങ്ങിയവ സന്ദർശിച്ച് വോട്ട് അഭ്യർഥിച്ചു. ഉച്ചയ്ക്കു ശേഷം പ്രചാരണ വാഹന സ്വീകരണങ്ങളിൽ പങ്കെടുത്തു. പുത്തൻകാവിൽനിന്ന്‌ ആരംഭിച്ച സ്വീകരണ പരിപാടി മുൻ മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു.

തുറവൂർ വെസ്റ്റ്, കുത്തിയത്തോട് ഈസ്റ്റ്, തുറവൂർ ഈസ്റ്റ് മണ്ഡലങ്ങളിലെ 23 കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം വളമംഗലം പുളിത്തറക്കടവിൽ സമാപിച്ചു.

എൽ.ഡി.എഫ്. സ്ഥാനാർഥി മനു സി.പുളിക്കൽ രാവിലെ പെരുമ്പളത്തുനിന്നാണ് പര്യടനം ആരംഭിച്ചത്. തുടർന്ന് കുടപുറം, വടുതല, അരൂക്കുറ്റി, അരൂർ, ചന്തിരൂർ, എഴുപുന്ന, വല്ലേത്തോട് എന്നിവിടങ്ങളിൽ വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർഥിച്ചു. ഉച്ചയ്ക്കുശേഷം അരുരിൽനിന്ന്‌ ആരംഭിച്ച പര്യടനം എഴുപുന്ന പഞ്ചായത്ത് പരിധിയിലെ വല്ലേത്തോട്ടിൽ അവസാനിച്ചു. വിവിധയിടങ്ങളിൽ നടന്ന സ്വീകരണങ്ങൾ ഏറ്റുവാങ്ങിയായിരുന്നു പര്യടനം.

എൻ.ഡി.എ.സ്ഥാനാർഥി കെ.പി. പ്രകാശ്ബാബു മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കടലോരമേഖലയിൽനിന്നാണ് പര്യടനം ആരംഭിച്ചത്. തൊഴിലുറപ്പ് തൊഴിലാളികളോടും മത്സ്യത്തൊഴിലാളികളോടും ഒപ്പം അരമണിക്കൂറോളം ചെലവഴിച്ചശേഷം പ്രദേശത്തെ വീടുകളിലും എത്തി വോട്ടഭ്യർഥിച്ചു. ടി.ഡി.യിലെ ആദ്യകാല സ്വയംസേവകനായ കൃഷ്ണഷേണായിയുടെ വീട്ടിലെത്തിയ സ്ഥാനാർഥിയെ ആരതിയുഴിഞ്ഞാണ് വീട്ടുകാർ സ്വീകരിച്ചത്.

തുടർന്ന് കുത്തിയതോട്, കോടംതുരുത്ത് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പര്യടനങ്ങളിൽ പങ്കെടുത്തു. എൻ.സി.സി. കവലയിൽനിന്നാണ് സ്വീകരണ സമ്മേളനം ആരംഭിച്ചത്.

ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. ശിവരാജൻ, സംസ്ഥാന സമിതി അംഗം ശ്രീനഗരി രാജൻ, ജില്ലാ ജനറൽ സെക്രട്ടറി ഡി. അശ്വിനീദേവ്, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി രഞ്ജിത്ത് ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.