ആലപ്പുഴ: മികച്ച കരുക്കൾ നിക്കുന്ന നൈജിൽ ഷോർട്ട് ട്രാഫിക് കുരുക്കിൽപ്പെട്ടെങ്കിലും ആലപ്പുഴയിലെ കാഴ്ചകൾകാണാൻ ആവേശത്തോടെയെത്തി. ചെസ് കളത്തിലെ മാന്ത്രികൻ കേരളത്തിലാദ്യമായാണ് എത്തുന്നത്. അതിൽ കൊതിയോടെ കാണാൻ ആഗ്രഹിച്ചത് ആലപ്പുഴയുടെ കായലോരക്കാഴ്ചകളാണ്. നെടുമ്പാശ്ശേരിയിൽ വിമാനത്തിൽ വന്നിറങ്ങിയ അദ്ദേഹം റോഡുമാർഗം ആലപ്പുഴയിലെത്തിയപ്പോൾ ട്രാഫിക് കുരുക്കുകൾ ഏറെ വലച്ചു.

അൻപത്തിനാലുകാരനായ ബ്രിട്ടീഷ് ഗ്രാന്റ് മാസ്റ്റർ നൈജിൽ ബംഗ്ലാദേശിൽ യുവ ചെസ് താരങ്ങൾക്കായി പ്രത്യേക പരിശീലനപരിപാടിക്ക്‌ നേതൃത്വം നൽകിയശേഷമാണ് ഇന്ത്യയിലെത്തിയത്. മുൻ ലോക ചെസ് ചാമ്പ്യൻഷിപ്പ് ഫൈനലിസ്റ്റും ഫിഡെ വൈസ് പ്രസിഡന്റുമായ നൈജിൽ ഷോർട്ട് കായൽപ്പരപ്പിലിരുന്ന് മനസ്സ് തുറന്നു.

പഠനത്തോടൊപ്പം ചെസ്സ്...

നൈജിലിന്റെ കേരളയാത്രയ്ക്ക് പിന്നിൽ വലിയൊരു ലക്ഷ്യമുണ്ട്. കേരളത്തിലെ വിദ്യാഭ്യാസമന്ത്രിയെ കണ്ട് കേരളത്തിലെ പാഠ്യപദ്ധതിയിൽ ചെസ് ഉൾപ്പെടുത്തമെണമെന്ന ആഗ്രഹം അദ്ദേഹം ഉന്നയിക്കും.

വിദ്യാർഥികളുടെ മാനസികശേഷി വളരെയധികം ഉയർത്തുമെന്ന് പഠനങ്ങളും തെളിയിക്കുന്നു. വിശകലനപാഠവും ചിന്താശക്തിയും നൽകി വിദ്യാർഥികളുടെ പഠന പ്രക്രിയയെ ചെസ്‌ ഏറെ സഹായിക്കുമെന്നും അദ്ദേഹം പറയുന്നു.

പ്രതിഭകളുടെ കലവറ

ചെസ് രംഗത്ത് പ്രതിഭകളുടെ കലവറയാണ് ഇന്ത്യയെന്ന് നൈജിൽഷോർ‍ട്ട്. യുവതലമുറയുടെ കൈകളിൽ ഇന്ത്യയുടെ ഭാവിശോഭനവും ഭദ്രവുമാണ്.

ചെസ് ലീഗ് വന്നാൽ വേറെ ലെവലാ..(പണികൊടുത്തില്ലെങ്കിൽ)

ഐ.പി.എൽ. മാതൃകയിൽ ചെസ് ലീഗ് നടത്താൻ ആലോചിച്ചിരുന്നതാണ്. ലീഗ് വന്നാൽ യുവതാരങ്ങളുൾപ്പെടെ അന്തർദേശീയ മത്സരങ്ങളിൽ പെട്ടെന്ന്‌ ശ്രദ്ധ നേടാൻ സാധിക്കും. വലിയ അവസരങ്ങൾ കളിക്കാർക്ക് ലഭിക്കും. ചെസിനും കൂടുതൽ പ്രാധാന്യം നൽകി പ്രേക്ഷകനെ കൂടുതൽ ഇതിലേക്ക് അടുപ്പിക്കാൻ സാധിക്കണം. ചെസ് ലീഗ് നടത്താനുള്ള ശ്രമങ്ങൾ പൊളിച്ചത് ഓൾ ഇന്ത്യ ചെസ് ഫെഡറേഷനിലെ ചിലരാണ്. വലിയ ഒരവസരമാണ് ഇതിലൂടെ നഷ്ടമായത്.

എരിവ് ഒട്ടും കുറയ്‌ക്കേണ്ട...

സാധാരണ വിദേശികൾക്ക്‌ എരിവിനോട് വലിയ താത്‌പര്യമില്ല. എന്നാൽ, ആലപ്പുഴക്കാഴ്ചകൾക്കൊപ്പം കുട്ടനാടൻ വിഭവങ്ങളുടെ രുചിയറിയാനെത്തിയ നൈജിൽ ഷോർട്ട് എരിവിന്റെ കാര്യത്തിൽ ഒട്ടും പിശുക്ക് കാണിച്ചില്ല. ഭക്ഷണത്തിൽ എരിവ് ഒട്ടും കുറയ്ക്കേണ്ടന്നാണ് പുരവഞ്ചിക്കാർക്ക് ഷോർട്ട് നൽകിയ ഉപദേശം.