ആലപ്പുഴ : ഡയാലിസിസിനു രോഗിയുമായിപ്പോയ വള്ളം കായലിൽ പോളയിൽക്കുടുങ്ങി. തുടർന്ന് അഗ്നിരക്ഷാസേന പോളനീക്കി രക്ഷാപ്രവർത്തനം നടത്തി. ചൊവ്വാഴ്ച രാവിലെ 11.30- ഓടെ പോഞ്ഞിക്കരയ്ക്കും ഡോക്ക് യാർഡിനും ഇടയ്ക്ക് കായലിൽ പോളയ്ക്കിടയിൽ കുടുങ്ങിപ്പോകുകയായിരുന്നു.

ആലപ്പുഴ സഹകരണ ആശുപത്രിയിലേക്ക് ഡയാലിസിസിനായി മോട്ടോർവള്ളത്തിൽ കൊണ്ടുപോയ തിരുമലവാർഡ്‌ ചക്രപ്പുരയ്ക്കൽ കായൽച്ചിറ സോമൻ (73) എന്നയാളാണു കുടുങ്ങിപ്പോയത്. വള്ളത്തിൽ കൂടെയുണ്ടായിരുന്ന സനൽകുമാർ എന്നയാൾ ഏറെനേരം പണിപ്പെട്ടിട്ടും പായൽക്കൂട്ടത്തിൽനിന്ന്‌ പുറത്തുകടക്കാൻ കഴിയാഞ്ഞതിനാൽ അഗ്നിരക്ഷാനിലയത്തിലേക്ക് സഹായത്തിനായി വിളിക്കുകയായിരുന്നു.

ബോട്ടിൽ സംഭവസ്ഥലത്തെത്തിയ അസി. സ്റ്റേഷൻ ഓഫീസർ വി. വാലന്റൈന്റെ നേതൃത്വത്തിൽ പോളമുറിച്ചുമാറ്റി. അഗ്നിരക്ഷാസേനയുടെ ബോട്ടിൽ വള്ളം കെട്ടിവലിച്ചു യാത്രക്കാരെ പുറത്തെത്തിച്ചു.

രക്ഷാപ്രവർത്തനത്തിൽ സി.പി. ഓമനക്കുട്ടൻ, എസ്. കബീർ, പി.എഫ്. ലോറൻസ്, എ.ജെ. ബഞ്ചമിൻ, ബി. ബിനോയ്, വിപിൻ രാജ്, ടി.ടി. സന്തോഷ് എന്നിവർ പങ്കെടുത്തു.