ആലപ്പുഴ: മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടെങ്കിലും ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിൽ നേട്ടമുണ്ടാക്കി ബി.ജെ.പി. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ 1,43,227 അധിക വോട്ടാണ് ഇത്തവണ ബി.ജെ.പി. സ്ഥാനാർഥി ഡോ.കെ.എസ്.രാധാകൃഷ്ണൻ നേടിയത്. 2016 നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ 45,000-ത്തോളം വോട്ട് അധികം നേടാനും ബി.ജെ.പി.ക്കായി.

99.92 ശതമാനം വോട്ടെണ്ണി തീർന്നപ്പോഴാണിത്. 2014-നേക്കാൾ നാലിരട്ടിയിലധികം വർധനയാണ് ബി.ജെ.പി.ക്കുണ്ടായത്. 2014-ൽ എൻ.ഡി.എ. സ്ഥാനാർഥി എ.വി.താമരാക്ഷന് 43,051 വോട്ടാണ് കിട്ടിയത്. 4.3 ശതമാനമായിരുന്നു വോട്ട് വിഹിതം. എന്നാൽ, ഇത്തവണയിത് 1,86,278 ആയി വർധിപ്പാക്കാൻ ബി.ജെ.പി.ക്കായി.

പോൾചെയ്ത വോട്ടിൽ 17 ശതമാനമാണ് ബി.ജെ.പി.യുടെ വോട്ട് വിഹിതം. അരൂർ നിയമസഭാ മണ്ഡലത്തിൽ ഇത്തവണ 25,250 വോട്ട് ബി.ജെ.പി. നേടിയപ്പോൾ ചേർത്തല-22,655, ആലപ്പുഴ-21,303, അന്പലപ്പുഴ-25,061, ഹരിപ്പാട്-26,238, കായംകുളം-31,660, കരുനാഗപ്പള്ളി-34,311 വോട്ടാണ് കിട്ടിയത്. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് യഥാക്രമം 27,753, 19,614, 18,214, 22,730, 12,985, 20,000, 19,115 വോട്ടുമാണ് എൻ.ഡി.എ.ക്ക് ലഭിച്ചത്.

Content HIghlights; Loksabha Election 2019, Alappuzha BJP Vote