ചെങ്ങന്നൂർ: പ്രളയദുരിതാശ്വാസവിതരണത്തിൽ വിവേചനം കാട്ടുന്നെന്ന് ആരോപിച്ച് ബി.ജെ.പി. നടത്തിയ ചെങ്ങന്നൂർ താലൂക്ക് ഓഫീസ് മാർച്ച് സംഘർഷഭരിതമായി. ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റി അഞ്ഞൂറോളം പ്രവർത്തകരുമായി താലൂക്ക് ഓഫീസ് ലക്ഷ്യമാക്കി നീങ്ങിയ മാർച്ച് നന്ദാവനം കലയ്ക്കുസമീപം പോലീസ് തടഞ്ഞു.

താലൂക്ക് ഓഫീസിന് സമീപത്തേക്ക് കടത്തിവിടണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടത് സി.ഐ. എം.സുധിലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അംഗീകരിച്ചില്ല. ഇതോടെ പ്രവർത്തകരും നേതാക്കളും പോലീസ് വലയം ഭേദിച്ച് തള്ളിക്കയറാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്.

കുറച്ചുനേരത്തെ പിടിവലിക്കുശേഷം നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി. റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യംവിളി തുടങ്ങി. തുടർന്നുനടന്ന പ്രതിഷേധയോഗം ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.സോമൻ ഉദ്ഘാടനം ചെയ്തു. നഷ്ടപരിഹാരം നിശ്ചയിക്കുന്നതിൽ കടുത്ത വിവേചനം നടന്നിട്ടുണ്ട്. ദുരിതാശ്വാസസാമഗ്രികൾ പാവപ്പെട്ടവരുടെ കൈയിലെത്താതെ കൂട്ടി വെച്ചിരിക്കുകയാണ്. ഭരിക്കുന്നവരുടെ അറിവോടെയാണിത്. ബി.ജെ.പി.സമരത്തെ എതിർക്കുന്ന കോൺഗ്രസ് സി.പി.എമ്മിന്റെ ബി- ടീം ആയി മാറിയെന്ന് സോമൻ ആരോപിച്ചു.

ബി.ജെ.പി. നിയോജകമണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലിൽ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി എം.വി.ഗോപകുമാർ, പി.കെ.വാസുദേവൻ, ശ്യാമളാ കൃഷ്ണകുമാർ, ജി.ജയദേവ്, കെ.ജി.കർത്താ, ശ്രീരാജ് ശ്രീവിലാസം, പ്രമോദ് കാരയ്ക്കാട് തങ്ങിയവർ പ്രസംഗിച്ചു.