ആലപ്പുഴ: നാടകപ്രതിഭയും തനതുനാടകവേദിയുടെ കുലപതിയുമായ കാവാലം നാരായണപ്പണിക്കരുടെ സ്മരണയിൽ അവനവൻ കടമ്പ വീണ്ടും അരങ്ങിൽ അവതരിപ്പിക്കുന്നു. കാവാലത്തിന്റെ 91-ാംജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് നാല്, അഞ്ച് തീയതികളിൽ ആലപ്പുഴ നഗരചത്വരത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്.

കാവാലം സ്ഥാപിച്ച കലാസാംസ്കാരിക സംഘടനയായ സോപാനത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടികളിൽ കലാ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. ശനിയാഴ്ച വൈകീട്ടാണ് അവനവൻ കടമ്പ നാടകം അരങ്ങേറുന്നത്.

മലയാളത്തിൽ തനത് നാടകവേദി രൂപപ്പെടുത്തിയതിൽ പ്രധാനിയായ കാവാലം എഴുതി ജി.അരവിന്ദൻ സംവിധാനം ചെയ്ത അവനവൻ കടമ്പ മലയാള നാടകചരിത്രത്തിലെ നാഴികകല്ലാണ്. 1960 കാലഘട്ടത്തിൽ കേരളത്തിൽ നിലനിന്നിരുന്ന നാടക ബോധത്തെയാകെ മാറ്റിമറിക്കുന്ന അനുഭവമായിരുന്നു അവനവൻ കടമ്പ. ഈ നാടകത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് സിനിമാ സംവിധായകൻ ഫാസിൽ ആയിരുന്നു. ചടങ്ങിൽ ഫാസിൽ കാവാലത്തെകുറിച്ചുള്ള അനുസ്മരണപ്രഭാഷണം നടത്തുന്നുണ്ട്.

1974ൽലാണ് തിരുവരങ്ങ് നാടകസംഘത്തിന് രൂപം നൽകിയത്. 1976 മേയ് ഏഴിനാണ് ’അവനവൻ കടമ്പ’യുടെ ആദ്യരംഗാവിഷ്‌കാരം. തിരുവനന്തപുരം അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിലായിരുന്നു ഇത് ആദ്യം അരങ്ങേറിയത്.

നാട്യശാസ്ത്രവും നാടൻശീലുകളും സമന്വയിച്ച നാടകമെന്നതാണ് ഇതിന്റെ പ്രത്യേകത. നാടകവും പ്രേക്ഷകരും തമ്മിലുള്ള അതിർവരമ്പ് പറിച്ചുമാറ്റിയ നാടകമായിരുന്നു ഇത്. കാവാലം നാടകങ്ങളുടെ ചിത്രപ്രദർശനം ശനിയാഴ്ച വൈകീട്ട് അഞ്ചിന് കളക്ടർ എസ്.സുഹാസ് ഉദ്ഘാടനം നിർവഹിക്കും. ആറിന് സാംസ്കാരിക സമ്മേളനം മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. കല്ലേലി രാഘവൻപിള്ള, നെടുമുടി വേണു എന്നിവരെ ചടങ്ങിൽ ആദരിക്കും. അഞ്ചിന് വൈകീട്ട് അഞ്ചിന് ഡോക്യുമെന്ററി പ്രദർശനം ജില്ലാ പോലീസ് മേധാവി കെ.എം.ടോമി ഉദ്ഘാടനം ചെയ്യും. 5.15ന് കാവാലം ഗാനങ്ങൾ കോർത്തിണക്കിയ സംഗീതവിരുന്ന്. ആറിന് സാംസ്കാരിക സമ്മേളനം മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും.

അവനവൻ എന്ന കടമ്പ

അവനവൻ എന്ന കടമ്പയുടെ കഥയാണ് ‘അവനവൻ കടമ്പ’ എന്ന നാടകത്തിന്റെ ഇതിവൃത്തം. കടമ്പ മറികടക്കാൻ ശ്രമിക്കുന്ന ആട്ടപ്പണ്ടാരങ്ങളും പാട്ടു പരിഷയും സാധാരണ മനുഷ്യരെ പ്രതിനിധാനം ചെയ്യുന്നു. കടമ്പ കടക്കാനുള്ള ശ്രമത്തിൽ ഇവർ പരാജയപ്പെട്ടു വീഴുന്നു.

വാലടിക്കാവിലെ ഉത്സവവുമായി ബന്ധിപ്പിച്ച് വട്ടിപ്പണക്കാരന്റെ കൊലയുടെ ചുരുളഴിക്കാൻ ശ്രമിക്കുന്ന രീതിയിലാണ് കഥ പറച്ചിൽ. വ്യത്യസ്തമായ ആഖ്യാന രീതിയാണ് നാടകത്തെ ശ്രദ്ധേയമാക്കുന്നത്.