ഹരിപ്പാട്: മൂന്നാം ക്ലാസുകാരി ആര്യാ നായർ തന്റെ സമ്പാദ്യക്കുടുക്ക ഓണത്തിന് പൊട്ടിക്കാനിരുന്നതാണ്. പുത്തനുടുപ്പും കളിപ്പാട്ടവും വാങ്ങാനായിരുന്നു പ്ലാൻ. പക്ഷേ, പ്രളയദുരിതം ടെലിവിഷനിൽ കണ്ടപ്പോൾ അവൾ മുത്തശ്ശിയെ കൂട്ടുപിടിച്ച് ഹരിപ്പാട്ടെത്തി. പ്രതിപക്ഷനേതാവിനെ നേരിൽ കണ്ടു.
ദുരിതാശ്വസ ക്യാമ്പിൽ അഭയംതേടിയിരിക്കുന്ന കുഞ്ഞുങ്ങൾക്ക് ഭക്ഷണത്തിനാണെന്ന കുറിപ്പോടെ അവൾ തന്റെ സമ്പാദ്യക്കുടുക്ക രമേശ് ചെന്നിത്തലയ്ക്ക് കൈമാറി. കുഞ്ഞിക്കൈയിൽനിന്ന് അത് വാങ്ങുമ്പോൾ പ്രതിപക്ഷനേതാവിന്റെ കണ്ണുനിറഞ്ഞു.
ചിങ്ങോലി സുദർശനത്തിൽ സൗമ്യയുടെ മകളാണ് ആര്യ. എൽ.കെ.ജി.യിൽ പഠിക്കുമ്പോൾ മുതൽ ആര്യയ്ക്ക് സമ്പാദ്യക്കുടുക്കയുണ്ട്. ഒന്നാം ക്ലാസിലെ ഓണത്തിന് കുടുക്കപൊട്ടിച്ച് കിട്ടിയ പണംകൊണ്ട് അവൾക്ക് പുത്തൻ സൈക്കിൾ വാങ്ങിയിരുന്നു. കഴിഞ്ഞവർഷം ഇങ്ങനെ വാങ്ങാനുള്ള സാധനങ്ങളുടെ പട്ടിക അവൾ എഴുതിവച്ചിരുന്നു. അപ്പോഴാണ്, പ്രളയത്തെത്തുടർന്ന് കാർത്തികപ്പള്ളി സെയ്ന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂളിലെ ക്യാമ്പിൽ കഴിയുന്ന കുട്ടികളുടെ വീഡിയോ മുത്തശ്ശിയുടെ മൊബൈൽ ഫോണിൽ കണ്ടത്. ഇതേത്തുടർന്ന് മുത്തശ്ശിയെയുംകൂട്ടി അവൾ അന്ന് ക്യാമ്പിലെത്തി കുടുക്ക കൈമാറിയിരുന്നു.
സമ്പാദ്യക്കുടുക്ക ഏറ്റുവാങ്ങിയശേഷം രമേശ് ചെന്നിത്തല ആര്യയെ ചേർത്തുപിടിച്ച് അഭിനന്ദിച്ചു. പ്രളയബാധിതരെ സഹായിക്കാനുള്ള കുരുന്നിന്റെ വലിയ മനസ്സിനെ ഹൃദയംതുറന്ന് അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.