വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്റ്റുഡന്റ് പോലീസിന്റെ ചുമതല

ആലപ്പുഴ:
പോലീസുകാര്‍ക്ക് സ്ഥാനക്കയറ്റം എന്ന് ലഭിക്കുമെന്ന് പോലീസ് വെബ്‌സൈറ്റിലൂടെ അറിയാനുള്ള സംവിധാനം ഉടന്‍ നടപ്പാക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. സേനയില്‍ സ്ഥാനക്കയറ്റം മാറ്റിവയ്ക്കാതെ പട്ടിക തയ്യാറാക്കും. കേരളാ പോലീസ് ഓഫീസേഴ്‌സ് അസ്സോസിയേഷന്റെ ആലപ്പുഴ ജില്ലാതല യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിരമിച്ച എ.എസ്.ഐ. അടക്കമുള്ളവര്‍ക്ക് സ്റ്റുഡന്റ് പോലീസ് കാഡറ്റിന്റെ ചുമതല നല്‍കും. ഈ വിഷയത്തിലുള്ള അന്തിമ തീരുമാനം ഈയാഴ്ച ഉണ്ടാകും. എസ്.പി.ക്കായിരിക്കും വിരമിച്ച പോലീസുകാരെ തിരഞ്ഞെടുക്കുന്നതിനുള്ള അധികാരം. ഇതുവഴി മറ്റ് പോലീസുകാരെ പൂര്‍ണ്ണമായും സ്റ്റേഷന്‍ ഡ്യൂട്ടിക്കായി നിയോഗിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.പി.ഒ.എ. ജില്ലാ പ്രസിഡന്റ് വി.ബാബു അധ്യക്ഷത വഹിച്ചു. ജി.സുധാകരന്‍ എം.എല്‍.എ. ചികിത്സാസഹായ വിതരണം നടത്തി. ജില്ലാ പോലീസ് മേധാവി വി.സുരേഷ് കുമാര്‍, സി.കെ. പ്രസന്നന്‍, നഗരസഭാധ്യക്ഷ മേഴ്‌സി ഡയാന മാസിഡോ, പ്രസ് ക്ലബ് പ്രസിഡന്റ് ജാക്‌സണ്‍ ആറാട്ടുകുളം, ആലപ്പുഴ ഡി.വൈ.എസ്.പി. ജോണ്‍സണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.