അർത്തുങ്കൽ: ആയിരക്കണക്കിന് വിശ്വാസികളെ അനുഗ്രഹത്തിന്റെ നിറവിലാക്കി, അർത്തുങ്കൽ ബെസിലിക്കയിലെ അദ്‌ഭുത തിരുസ്വരൂപം ദർശനത്തിനായി പുറത്തെടുത്തു. തിരുസ്വരൂപം നേരിൽക്കണ്ട് വണങ്ങാനും അനുഗ്രഹം നേടാനുമായി അർത്തുങ്കലിലേക്ക് വിശ്വാസികളുടെ പ്രവാഹം ആരംഭിച്ചു. ശനിയാഴ്ച പുലർച്ചേ അഞ്ചിന് നട തുറക്കുന്നതും കാത്ത് ബെസിലിക്കയും പരിസരവും ഭക്തജനങ്ങളെക്കൊണ്ട് നിറഞ്ഞു.

പള്ളി നിക്ഷേപത്തിൽ സൂക്ഷിച്ചിരുന്ന തിരുസ്വരൂപം, റെക്ടർ ഫാ.ക്രിസ്റ്റഫർ എം.അർഥശ്ശേരിയുടെ നേതൃത്വത്തിൽ, പ്രത്യേക പ്രാർഥനകൾക്കുശേഷം, ശനിയാഴ്ച പുലർച്ചേ ഒന്നോടെയാണ് പുറത്തെടുത്തത്. തുടർന്ന് തിരുസ്വരൂപം, പ്രത്യേകം തയ്യാറാക്കിയ രൂപക്കൂട്ടിൽ പ്രതിഷ്ഠിച്ചു.

ശനിയാഴ്ച രാവിലെ അഞ്ചിന് തിരുസ്വരൂപനട തുറക്കുമ്പോൾ, വിശുദ്ധനെ ആദ്യം വണങ്ങുന്നതിനും നേർച്ച സമർപ്പിക്കുന്നതിനുമായി ആയിരങ്ങളാണ് വെള്ളിയാഴ്ച രാത്രി ഉറക്കമിളച്ച് കാത്തിരുന്നത്. വർഷത്തിൽ ഒരിക്കൽ മാത്രം, തിരുനാൾ ദിനങ്ങളിലെ 10 ദിവസമാണ്, തിരുസ്വരൂപം പുറത്തെടുക്കുന്നത്. 27 വരെ തിരുസ്വരൂപത്തിന്റെ പരസ്യവണക്കത്തിന് സൗകര്യമുണ്ടാകും. പ്രധാന തിരുനാൾ 20-നാണ്. എട്ടാം പെരുന്നാൾ 27-നാണ്.

bbഅർത്തുങ്കലിൽ ഇന്ന്bb

നടതുറക്കൽ തിരുസ്വരൂപ വന്ദനം 5.00, ദിവ്യപൂജ അർപ്പണം 5.30, ആഘോഷമായ ദിവ്യബലി 11.00, 3.00, 6.00.

bb20-ന് പ്രാദേശിക അവധിbb

ആലപ്പുഴ: അർത്തുങ്കൽ സെയ്ന്റ് ആൻഡ്രൂസ് ബെസിലിക്കയിലെ തിരുനാൾ പ്രമാണിച്ച് 20-ന് ചേർത്തല താലൂക്കിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു.