തുറവൂർ: പ്രവചനാതീതമായിരുന്നു അരൂരിലെ ഉപതിരഞ്ഞെടുപ്പ്‌ ഫലം. വോട്ടെണ്ണലിന്റെ അവസാനനിമിഷംവരെ വിജയപ്രതീക്ഷയോടെ കാത്തിരുന്ന എൽ.ഡി.എഫ്. പ്രവർത്തകർ തകർന്ന മനസ്സോടെയാണ് എതിർസ്ഥാനാർഥിയുടെ വിജയവാർത്ത അംഗീകരിച്ചത് .

യു.ഡി.എഫി.ന് വ്യക്തമായ മേൽക്കൈയുള്ള പഞ്ചായത്തുകളിൽ തുടക്കത്തിൽ ഷാനിമോൾ ഉസ്മാൻ ഭൂരിപക്ഷം നിലനിർത്തിയപ്പോൾ, തങ്ങൾക്കൊപ്പം നിൽക്കുമെന്ന് കരുതിയ പഞ്ചായത്തുകളിലെ വോട്ടെണ്ണുമ്പോൾ സ്ഥിതിമാറുമെന്ന് എൽ.ഡി.എഫ്. പ്രവർത്തകർ വിശ്വസിച്ചു.

തുറവൂർ പഞ്ചായത്തിലെ അവസാന മൂന്ന്‌ ബൂത്തുകളിൽ ഒന്നിലെ വോട്ട്‌ എണ്ണിക്കഴിഞ്ഞപ്പോൾ യു.ഡി.എഫ്. സ്ഥാനാർഥിക്ക് ഭൂരിപക്ഷത്തിൽനിന്ന് 300 വോട്ടിന്റെ കുറവുണ്ടായത് ആ വിശ്വാസത്തിന് കൂടുതൽ കരുത്തേകി. ശേഷിച്ച ബൂത്തുകളിലെ വോട്ടുകൾ എണ്ണിക്കഴിഞ്ഞതോടെ എൽ.ഡി.എഫ്‌. പ്രവർത്തകരുടെ പ്രതീക്ഷ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു.

യു.ഡി.എഫ്. സ്ഥാനാർഥിയുടെ ഭൂരിപക്ഷം കൂടിയും കുറഞ്ഞും നിന്നതല്ലാതെ എൽ.ഡി.എഫ്. സ്ഥാനാർഥിക്ക് ഒരു ഘട്ടത്തിൽപ്പോലും മേൽക്കൈ നേടാനായില്ല. ഏറെ പ്രതീക്ഷയുണ്ടായിരുന്ന തുറവൂർ പഞ്ചായത്തുപരിധിയിലുള്ള അവസാന ബൂത്തിലെ ഫലംകൂടി പുറത്തുവന്നതോടെ പ്രവർത്തകർ നിരാശരായി മടങ്ങി.