അമ്പലപ്പുഴ: തീരദേശപാതയിൽ തകഴി ലെവൽക്രോസിലെ ഗേറ്റ് ലോറിയിടിച്ച് തകർന്നതിനെത്തുടർന്ന് തീവണ്ടിഗതാഗതവും അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയിലൂടെയുള്ള വാഹനഗതാഗതവും തടസ്സപ്പെട്ടു. വാഹനഗതാഗതം ഏഴുമണിക്കൂറും തീവണ്ടിഗതാഗതം രണ്ടരമണിക്കൂറുമാണ്‌ തടസ്സപ്പെട്ടത്.

ശനിയാഴ്ച രാവിലെ 5.50-നായിരുന്നു തിരുവല്ല ഭാഗത്തേക്കുപോയ ലോറി ലെവൽക്രോസിന്റെ പടിഞ്ഞാറേ ഗേറ്റിൽ ഇടിച്ചത്.  ഇതുമൂലം സിഗ്നൽ തകരാറിലായതാണ് തീവണ്ടിഗതാഗതം തടസ്സപ്പെടാൻ ഇടയാക്കിയത്‌. തുറന്നുകിടന്ന ഗേറ്റിൽ ലോറിയിടിച്ച്‌ ഗേറ്റ് പ്രവർത്തിപ്പിക്കാനാകാത്ത സ്ഥിതിവന്നു. ഏറനാട് എക്സ്‌പ്രസ് തകഴി സ്‌റ്റേഷനിലും കൊച്ചുവേളി അന്ത്യോദയ എക്സ്‌പ്രസ്, കൊച്ചുവേളി എക്സ്‌പ്രസ് എന്നിവ അമ്പലപ്പുഴയിലും തിരുവനന്തപുരം ഇന്റർസിറ്റി എക്സ്‌പ്രസ് ആലപ്പുഴയിലും നിർത്തിയിട്ടു. രാവിലെ എട്ടരയോടെയാണ് സിഗ്നൽ തകരാർ പരിഹരിച്ച് തീവണ്ടിഗതാഗതം പുനഃസ്ഥാപിച്ചത്. ഗേറ്റിന്റെ തകരാർ പരിഹരിച്ച് വാഹനഗതാഗതം പുനഃസ്ഥാപിച്ചപ്പോൾ ഉച്ചയ്ക്ക് ഒന്നുകഴിഞ്ഞു.

രാവിലെ കെ.എസ്.ആർ.ടി.സി. ബസുകൾ അടക്കമുള്ള വാഹനങ്ങളിലെത്തിയ യാത്രക്കാർ വലഞ്ഞു. ചെറിയവാഹനങ്ങൾ കരുമാടി-തകഴി യു.പി.എസ്. വഴി തിരിച്ചുവിട്ടു. കെ.എസ്.ആർ.ടി.സി. തകഴി ക്ഷേത്രം ജങ്ഷൻ, ആശുപത്രി ജങ്ഷൻ എന്നിവിടങ്ങളിൽനിന്ന് തിരിച്ചുപോയി. യാത്രക്കാർ ഇറങ്ങി ലെവൽക്രോസ് കടന്ന് ബസ് മാറിക്കയറി യാത്രതുടർന്നു.

സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരേ റെയിൽവേ പോലീസ് കേസെടുത്തു. നഷ്ടപരിഹാരമായി ഡ്രൈവറിൽനിന്ന് 37,000 രൂപ ഈടാക്കിയതായും റെയിൽവേ പോലീസ് അറിയിച്ചു.