അമ്പലപ്പുഴ : ആറുമാസം മുൻപ് സൗദിയിൽ വച്ച് ഹൃദയാഘാതം മൂലം മരിച്ച കരൂർ നിലംനികർത്തിൽ വിജിമോന്റെ പണിതീരാത്ത വീടിന് ബുധനാഴ്ച രാത്രി പെയ്ത മഴയിൽ നാശനഷ്ടം. സമീപത്തുനിന്ന് നാല് മരങ്ങളാണ് വീടിന് മുകളിലേക്ക്‌ വീണത്.

നാട്ടിലെത്തി വീടുപണി പൂർത്തിയാക്കാമെന്ന പ്രതീക്ഷയിലിരിക്കുമ്പോഴായിരുന്നു വിജിമോന്റെ മരണം. അച്ഛൻ സതീശനും ഭാര്യ ജയശ്രീയും നാലിലും യു.കെ.ജി.യിലും പഠിക്കുന്ന രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബത്തിന്റെ ആശ്രയം ഇതോടെ ഇല്ലതായി.

താമസിക്കാനിടമില്ലാതെ ഇവരിപ്പോൾ അടുത്ത ബന്ധുവിന്റെ വീട്ടിൽ അഭയം തേടിയിരിക്കുകയാണ്.

വിജിമോന്റെ മരണശേഷം വീടുപണി മുന്നോട്ടുകൊണ്ടുപോകാൻ ഇവർക്കായില്ല. ജയശ്രീയ്ക്ക് ജോലിയ്ക്കുവേണ്ടിയുള്ള പരിശ്രമത്തിന് ലോക്ഡൗൺ തടസ്സമായി.